ഇന്ത്യൻ പാസ്പോർട്ട് നിർമിച്ച് നൽകുന്ന അന്താരാഷ്ട്ര റാക്കറ്റ്

ആലുവ: വിദേശികൾക്ക് ഇന്ത്യൻ പാസ്പോർട്ട് നിർമിച്ച് നൽകുന്ന അന്താരാഷ്ട്ര റാക്കറ്റ് പ്രവർത്തിക്കുന്നതായി പൊലീസ് കണ്ടെത്തൽ. റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് തെലുങ്കാന സംസ്ഥാനം കേന്ദ്രീകരിച്ചാണ് വിദേശികൾക്ക് വ്യാജ വിലാസത്തിൽ പാസ്പോർട്ട് എടുത്ത് നൽകുന്ന സംഘം പ്രവർത്തിക്കുന്നതെന്ന് വിവരം പുറത്തുവന്നത്. ഇതേതുടർന്ന് കഴിഞ്ഞ ദിവസം റിമാൻഡിലായ അന്താരാഷ്ട്ര മനുഷ്യക്കടത്ത് കേസിലെ മുഖ്യപ്രതി തെലുങ്കാന പദ്മ നഗർ കോളനിയിൽ താമസിക്കുന്ന സുമിത് ബറുവയെ (42) കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിലാണ് റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് സംഘം. ‌ ബംഗ്ലാദേശിൽ നിന്നും ദേനാപൂർ കാട് കടന്നും പുഴ നീന്തിയും കൊൽക്കത്ത വഴി ഇന്ത്യയിലെത്തിയ സംഘത്തിൽ നിന്നും ഇന്ത്യൻ പാസ്പോർട്ട് കണ്ടെത്തിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്.

ബംഗ്ലാദേശിലെ ഏജന്‍റിന് കേവലം 5,000 രൂപ നൽകിയാണ് ഇന്ത്യയിലേക്ക് കടത്തുന്നത്. തുടർന്ന് ഹൈദരാബാദിലെത്തുന്ന സംഘം വീട് വാടകയ്ക്കെടുത്ത് കുറച്ചുനാൾ താമസിക്കും. തുടർന്ന് മൂന്ന് ലക്ഷം രൂപ നൽകിയാൽ സുമിത്ബറുവയുടെ നേതൃത്വത്തിൽ വ്യാജ രേഖകൾ തയ്യാറാക്കി പാസ്പോർട്ട് സംഘടിപ്പിച്ച് നൽകും.

ആദ്യം ആധാർ കാർഡാണ് തയ്യാറാക്കുന്നത്. പിന്നാലെ പാൻ കാർഡ്, ഐ.ഡി എന്നിവയും തയ്യാറാക്കും. തുടർന്നാണ് പാസ്പോർട്ട് നൽകുന്നത്. പൊലീസ് വെരിഫിക്കേഷൻ പോലും കൃത്യമായി നടത്തുന്നില്ല. അപേക്ഷകന്‍റെ വീട്ടിൽ നേരിട്ടെത്തി പരിസരവാസികളിൽ നിന്നുകൂടി വിവരങ്ങൾ ശേഖരിച്ച് പൊലീസ് റിപ്പോർട്ട് നൽകണമെന്നാണ് ചട്ടം. ഇതൊന്നും പാലിക്കുന്നില്ലെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിൽ ഹൈദരാബാദ് പൊലീസിലെ ഒരു വിഭാഗത്തിനും റാക്കറ്റുമായി ബന്ധമുണ്ടെന്നാണ് സംശയം. ഇത്തരത്തിൽ ഇന്ത്യൻ പാസ്പോർട്ട് ശേഖരിച്ച ബംഗ്ലാദേശികൾ മാത്രമല്ല, മറ്റു രാജ്യക്കാരും ഇന്ത്യയിലുണ്ടാകാനുള്ള സാധ്യതതയിലേക്കാണ് വിരൽചൂണ്ടുന്നത്.

പാസ്പോർട്ട് ലഭിച്ചാലുടൻ ഇവർ ചെറുരാജ്യങ്ങളായ മലേഷ്യ, തായ് ലാന്‍റ്, സിംഗപ്പൂ‌ർ എന്നിവിടങ്ങളാണ് ആദ്യം സന്ദർശിക്കുക. സ്ഥിരം വിദേശ രാഷ്ട്രങ്ങൾ സന്ദർശിക്കുന്നവരാണെന്ന് വരുത്തിയ ശേഷം സെർബിയ വഴി യൂറോപ്പ്യൻ രാജ്യങ്ങളിലും സന്ദർശിക്കാം. ഇന്ത്യൻ പാസ്പോർട്ടിന് വിദേശരാഷ്ട്രങ്ങളിലുള്ള അംഗീകാരം മുതലെടുക്കുന്നതിനാണ് നുഴഞ്ഞുകയറ്റക്കാർ ഇത്തരത്തിൽ പാസ്പോർട്ട് സംഘടിപ്പിക്കുന്നത്.

ഹൈദരാബാദിൽ നിന്ന് മൂന്ന് ബംഗ്ലാദേശികൾ ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് ദുബായി വഴി സെർബിയയിലേക്ക് കടക്കാൻ ശ്രമിച്ചപ്പോഴാണ് ദുബായിയിൽ വെച്ച് പിടിയിലായത്. തുടർന്ന് ഇവരെ നെടുമ്പാശേരിയിലേക്ക് തിരിച്ചയക്കുകയും ചെയ്തു. നെടുമ്പാശേരി പൊലീസ് ഇവരെ റൂറൽ ജില്ലാ ക്രൈംബാഞ്ചിന് കൈമാറുകയായിരുന്നു. റൂറൽ ജില്ല പൊലീസ് മേധാവി രാഹുൽ ആർ. നായരുടെ നിർദ്ദേശാനുസരണം ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.എസ്. ഉദയഭാനുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്.

പിടിയിലായ സുമിത് ബറുവ ഹൈദരാബാദിൽ ഇലക്ട്രിക്കൽ സാധനങ്ങളുടെ വിൽപ്പനക്കാരൻ എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്.