ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ ‘കോർട്ട് മാർഷൽ’ നാടകം അരങ്ങേറി

കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സർവകലാശാലയിലെ തീയറ്റർ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത നാടകകൃത്തായ സ്വദേശ് ദീപക്കിന്റെ കോർട്ട് മാർഷൽ എന്ന നാടകം അരങ്ങേറി. സൈനിക ജീവിത പശ്ചാത്തലത്തിൽ നൂറ്റാണ്ടുകളായി ജാതി മേധാവിത്വത്തിനു കീഴിൽ അടിച്ചമർത്തപ്പെട്ടു കിടക്കുന്ന ഒരു അധകൃതന് തന്റെ സാമൂഹ്യ ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും യാതൊരു മാറ്റവും ഉണ്ടാകുന്നില്ല എന്നത് സ്വദേശ് ദീപക് അതിഭാവുകത്വങ്ങളില്ലാതെ ചുരുളഴിക്കുകയാണ് കോർട്ട് മാർഷലിൽ.

അധികാരശൃംഖലയുടെ ഏറ്റവും അടിത്തട്ടിലുള്ളവർ പ്രത്യേകിച്ചും വർണാശ്രമധർമ്മ ചട്ടക്കൂടുകൾക്ക് പുറത്തുള്ളവർ കൂടിയാകുമ്പോൾ ജീവിതത്തിൽ അനുഭവിക്കേണ്ടിവരുന്ന യാതനകൾ ഈ നാടകം പ്രതിഫലിപ്പിക്കുന്നു. ജാതീയതയും പൗരോഹിത്യവും നമ്മുടെ സാമൂഹ്യ സംസ്‌കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിന്നാടുന്ന ഈ നാളുകളിൽ കോർട്ട് മാർഷലിന്റെ അവതരണം തികച്ചും പ്രസക്തമാണ്. ഇന്ത്യയിൽ പതിനയ്യായിരത്തിലധികം വേദികളിൽ ഈ നാടകം അവതരിക്കപ്പെട്ടിട്ടുണ്ട്.

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ നാടകവിഭാഗം പൂർവ്വ വിദ്യാർത്ഥിയും സിങ്കപ്പൂരിലെ ഇന്റർ കൾച്ചറൽ തീയറ്റർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അഭിനയ പരിശീലനം പൂർത്തിയാക്കിയ ശരൺജിത്താണ് സംവിധാനം നിർവ്വഹിച്ചത്. നാടക വിഭാഗത്തിലെ പൂർവ്വ വിദ്യാർത്ഥികളുൾപ്പെടെ പന്ത്രണ്ടോളം കലാകാരൻമാരാണ് അരങ്ങത്തെത്തിയത്. നാടകത്തിന്റെ ദീപ സംവിധാനം അനൂപ് പൂനയും, രംഗ സജ്ജീകരണം രാജീവും, പശ്ചാത്തല സംഗീതം സായ് വിഷ്ണുവുമാണ് നിർവ്വഹിച്ചത്. നാടകത്തിന്റെ മലയാള പരിഭാഷ നിർവ്വഹിച്ചത് ഹരിപ്രിയയാണ്.