കഞ്ചാവ് വില്പന നടത്തി വരുന്ന സംഘം പിടിയിലായി

ആലുവ: സ്‌കൂൾ കുട്ടികളെ ഉപയോഗിച്ച് ആലുവയിലും പരിസരങ്ങളിലും കഞ്ചാവ് വില്പന നടത്തി വരുന്ന സംഘം എക്‌സൈസ് പിടിയിലായി. ആലുവ നൊച്ചിമയിൽ വാടകയ്ക്ക് താമസിക്കുന്ന കൊടുങ്ങല്ലൂർ പുളിക്കൽ വീട്ടിൽ കിരൺ ശിവൻ (24), ആലുവ തായ്ക്കാട്ടുകര ചിറാട്ട് വീട്ടിൽ മുഹമ്മദ് റയിസ് (23) എന്നിവരാണ് പിടിയിലായത്.

ഇവരിൽ നിന്നും 30 പൊതി കഞ്ചാവ് ആലുവ എക്‌സൈസ്സ് സർക്കിൾ ഇൻസ്പക്ടർ ടി.എൻ. സുധീറിന്‍റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം പിടിച്ചെടുത്തു. സ്‌കൂൾ കുട്ടികളെ കഞ്ചാവ് വലിച്ചു ശീലിപ്പിച്ച് വിൽപ്പനയ്ക്കു വേണ്ടി കണ്ണികളാക്കുകയാണ് ഇവരുടെ രീതി. ഈ മാസം ആറിന് കഞ്ചാവു പൊതികൾ വിൽക്കാനെത്തിയ തായിക്കാട്ടുകര സ്വദേശികളായ പ്രായപൂർത്തിയാകാത്ത പ്ലസ് ടു വിദ്യാർഥികളെ എക്‌സെസ് സംഘം 50 ഗ്രാം കഞ്ചാവുമായി രണ്ടിടത്തു നിന്നും പിടികൂടിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥികൾക്ക് കഞ്ചാവ് കൈമാറിയ കിരൺ, മുഹമ്മദ് റായിസ് എന്നിവർ പിടിയിലായത്.

നേരത്തെ ഒരു കിലോയിലധികം വരുന്ന കഞ്ചാവ് പിടികൂടിയ കേസിൽ കിരൺ പ്രതിയാണ്. സി.ഐയെ കൂടാതെ ഇൻസ്പക്റ്റർ പി.എസ്. സുജിത്ത്, പ്രിവന്‍റിവ് ഓഫിസർമാരായ സലിം യൂസഫ്, വി.എം. ഹാരിസ്, എം.പി. ഉമ്മർ, സിവിൽ എക്‌സൈസ് ഓഫീസർ മാരായ എസ്. സിദ്ധാർത്ഥ് , എ.പി. പ്രദീപ് കുമാർ എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്‌.