അദ്വൈതാശ്രമത്തിൽ 30,000 രൂപയും എടിഎം കാർഡും മോഷ്ടിച്ചയാൾ പൊലീസ് പിടിയിൽ

ആലുവ: ആലുവ അദ്വൈതാശ്രമത്തിൽ 30,000 രൂപയും എ.ടി.എം കാർഡും മോഷ്ടിച്ചയാൾ പൊലീസ് പിടിയിലായി. ആലുവ ശ്രീനാരായണപുരത്ത് വാടകക്ക് താമസിക്കുന്ന സരിൻകുമാർ (33) ആണ് അറസ്റ്റിലായത്.

മൂന്ന് മാസം മുമ്പ് ആശ്രമം ഓഫീസിന് പിന്നിലെ ഗസ്റ്റ് ഹൗസിന്‍റെ ജനൽ പാളി തുറന്ന് ആശ്രമം ഓഫീസ് ജീവനക്കാരൻ അരവിന്ദന്‍റെ ബാഗാണ് മോഷ്ടിച്ചത്. ബാഗിൽ 30,000 രൂപയും എടിഎം കാർഡും ഉണ്ടായിരുന്നു. കാർഡിന്‍റെ പിൻ നമ്പറും ബാഗിലുണ്ടായിരുന്നു. ഇത് ഉപയോഗിച്ച് ആലുവയിലെ രണ്ട് പെട്രോൾ പമ്പുകളിൽ നിന്നും പ്രതി ബൈക്കിൽ പെട്രോൾ നിറച്ചു. കൂടാതെ കലൂരിലെ ഇൻഡസ് ബാങ്കിന്‍റെ എടിഎം കൗണ്ടറിൽ നിന്ന് മൂന്ന് തവണയായി 30,000 രൂപയും പിൻവലിച്ചു. എടിഎം കൗണ്ടറിലെ സി.സി ടി.വി കാമറ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.

എടയപ്പുറം കോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നിന്നും നാല് വർഷം മുമ്പ് ഇയാൾ ശാന്തിക്കാരന്‍റെ മൊബൈൽ ഫോണും പണവും മോഷ്ടിച്ചിരുന്നു. വേറെയും മോഷണക്കേസുകളുണ്ട്. ഇതിനിടയിലാണ് അടുത്തിടെ ഇയാൾ എൻസിപിയിലെത്തിയത്. പാർട്ടി പോഷക സംഘടനയായ മത്സ്യതൊഴിലാളി യൂണിയന്‍റെ ജില്ലാ ഭാരവാഹിയായിരുന്നു. അതേസമയം ഇയാളെ അടുത്തിടെ പാർട്ടിയിൽ നിന്നും പുറത്താക്കിയെന്നാണ് ഔദ്യോഗിക വിശദീകരണം. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.