വ്യാപാര സ്ഥാപനങ്ങൾ തുറക്കുമെന്ന പ്രഖ്യാപനം നടന്നില്ല

കാലടി: നിരന്തരമായുണ്ടാകുന്ന ഹർത്താലുകൾക്കെതിരെ വ്യാപാരികൾക്കിടയിലും പൊതുസമൂഹത്തിനിടയിലും വ്യാപകമായ പ്രതിഷേധം ഉണ്ടെങ്കിലും ഇതൊന്നും ഇന്നലത്തെ ഹർത്താലിൽ പ്രതിഫലിച്ചില്ല. കാര്യങ്ങൾ പതിവു പോലെ ആയിരുന്നു. കടകൾ അടഞ്ഞു തന്നെ കിടന്നു. വ്യാപാരി സംഘടനകളുടെ പ്രഖ്യാപനം നടപ്പായില്ല. കേരള വ്യാപാരി സമിതിയും കേരള വ്യാപാരി വ്യവസായ ഏകോപന സമിതിയും അറിയിച്ചത് സ്ഥാപനങ്ങൾ തുറക്കുമെന്നാണ്. കടതുറക്കാൻ ആഹ്വാനം ചെയ്ത് ബോർഡും വച്ചു. എന്നാൽ കട തുറക്കാൻ ആരും എത്തിയില്ല.ഗ്രാമ പ്രദേശങ്ങളിൽ പോലും കടകൾ അടഞ്ഞു കിടന്നു.

അപൂർവം ചിലർ തുറക്കാൻ ശ്രമിച്ചെങ്കിലും ഹർത്തലനുകൂലികൾ പിന്തിരിപ്പിച്ചു. വാഹനങ്ങൾ പൂർണമായി ഒഴിഞ്ഞതും തൊഴിലാളികൾ എത്താതിരുന്നതും വ്യാപാരികൾക്കും തിരിച്ചടിയായി.പൊതു ജനങ്ങൾ പൂർണമായും പുറത്തിറങ്ങിയില്ല. സാധാരണ ഹർത്താലിന് പുറത്തിറങ്ങാറുള്ള സ്വകാര്യ വാഹനങ്ങളോ ഇരു ചക്രവാഹനങ്ങളോ നിരത്തിലിറങ്ങിയില്ല. മാധ്യമങ്ങളിൽ ഹർത്താൽ ദിന സംഘർഷ വാർത്തകൾ നിറഞ്ഞതോടെ വ്യാപാരികൾ പൂർണമായും പിൻവാങ്ങി.

ഏതെങ്കിലും തരത്തിലുള്ള കല്ലേറോ ആക്രമണമോ ഭയന്നാണ് കടതുറക്കാതിരുന്നതെന്ന് ചില വ്യാപാരികൾ പറഞ്ഞു. പല വ്യാപാര സ്ഥാപനങ്ങളിലും ചില്ലു ഭിത്തികളാണുള്ളത്. വൈകീട്ട് കടയടച്ചു പോയാലും സ്ഥാപനങ്ങൾ ആക്രമിപ്പെടുന്നുള്ള ഭയമുള്ളതായും വ്യാപാരികൾ . കാലടിയിൽ കടകൾ തുറന്ന് പ്രവർത്തിക്കണമെന്ന് സിപിഎം അനുഭാവമുള്ള വ്യാപാരി സംഘടന പ്രവർത്തകർ സ്ഥാപനങ്ങളിൽ കയറി നേരത്തെ പ്രചാരണം നടത്തിയിരുന്നു.