കാലടിയിൽ ഫയർ സ്റ്റേഷൻ അനുവദിക്കും

കാലടി:കാലടിയിൽ ഫയർ സ്റ്റേഷൻ അനുവദിക്കുന്നതിനാവശ്യമായ നടപടികൾ പൂർത്തീകരിച്ച് വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. റോജി എം ജോൺ എം.എൽ.എ ഇത് സംബന്ധിച്ച ചോദിച്ച സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര തിർത്ഥാടന കേന്ദ്രങ്ങളായ കാലടിയുടെയും, മലയാറ്റൂരിൻറെയും പ്രാധാന്യം കണക്കിലെടുത്ത് കാലടിയിൽ ഒരു ഫയര്‍‌സ്റ്റേഷൻ അനുവദിക്കണമെന്ന് എം.എൽ.എ നേരത്തെ തന്നെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

പ്രളയകാലത്ത് കാലടിയിൽ അഗ്‌നിരക്ഷാസേനയുടെ സേവനം ലഭ്യമായിരുന്നെങ്കിൽ ഏറെ ഗുണകരമായിരുന്നെന്ന് എം.എൽ.എ നിയമസഭയിലും ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് ഈ ആവശ്യവുമായി എം.എൽ.എ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചത്. ഇത് സംബന്ധിച്ച് അഗ്‌നിരക്ഷാസേനാവകുപ്പ് മേധാവിയുടെ റിപ്പോർട്ട് ലഭ്യമായിട്ടുണ്ടെന്നും ഫയര്‍‌സ്റ്റേഷന് ആവശ്യമായ ഭൂമി വിട്ടുതരുവാൻ അനുകൂലമായ തീരുമാനം കാലടി സംസ്‌ക്യത സർവ്വകലാശാല സിൻഡിക്കേറ്റ് കൈക്കൊണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് പുതിയ ഫയര്‍‌സ്റ്റേഷനുകൾ അനുവദിക്കുന്നത് സംബന്ധിച്ച് ശാസ്ത്രീയപഠനം നടത്തി മുൻഗണനാ ലിസ്റ്റ് തയ്യാറാക്കിയതിൽ കാലടിയും ഉൾപ്പെട്ടിട്ടുണ്ടന്നും ഇത് യാഥാർത്ഥ്യമാക്കുവാനുള്ള പരിശ്രമവുമായി മുന്നോട്ട് പോകുമെന്നും റോജി എം. ജോൺ എം.എൽ.എ പറഞ്ഞു