കാലടി പാലത്തിലെ തൂണുകളിൽ അപകടകരമായ വിളളലുകൾ


കാലടി: കാലടി പാലത്തിലെ തൂണുകളിൽ അപകടകരമായ വിളളലുകൾ.പ്രളയത്തിന് ശേഷമാണ് വിളളലുകൾ കണ്ടെത്തിയിരിക്കുന്നത്.കഴിഞ്ഞ ദിവസം മീൻപിടിക്കാൻ പോയവരാണ് പാലത്തിന്റെ തൂണിന്റെ അടിഭാഗത്ത് വിള്ളൽ വീണത് കണ്ടത്. വലിയ വിളളലുകളാണ് ഉണ്ടായിരിക്കുന്നത്. ഈ ഭാഗം വെള്ളം മൂടിക്കിടന്നതിനാൽ ഇതുവരെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കോൺക്രീറ്റ് ചെയ്തിടത്തെ മെറ്റലും അടർന്നു പോയിട്ടുണ്ട്. നേരത്തെ ഇവിടെ ചപ്പുചവറുകൾ അടിഞ്ഞു കിടക്കുകയായിരുന്നു.

എല്ലാ തുണുകൾക്കും വിളളലുകൾ വീണിട്ടുണ്ട്.പ്രളയത്തിൽ വൻമരങ്ങളും തടിക്കഷണങ്ങളും കോൺക്രീറ്റ് ബീമുകളും മറ്റും ഒഴുകിവന്ന് പാലത്തിന്റെ തൂണുകളിലിടിച്ച് ആഘാതം സൃഷ്ടിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി സംഭവിച്ചിട്ടുള്ളതാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ള കേടുപാടുകൾ. പാലത്തിന് ബലക്ഷയമുള്ളതിനാൽ ഗൗരവമായ കരുതൽ വേണമെന്ന് ഐ.ഐ.ടി. വിദഗ്ദ്ധർ നേരത്തേ മുന്നറിയിപ്പു നൽകിയിട്ടുള്ളതാണ്.പാലത്തിലൂടെ ഭാരവാഹനങ്ങൾ പോകുന്നതിന് നിയന്ത്രണം ഉണ്ടെന്ന് പറയുമ്പോഴും പാലിക്കുന്നില്ല. ഇത്തരം ഗുരുതര സ്ഥിതിവിശേഷങ്ങൾ നിൽക്കുമ്പോഴാണ് തൂണിനും അപകടാവസ്ഥ കണ്ടെത്തിയിരിക്കുന്നത്.

പുതിയ പാലത്തിനായി സ്ഥലങ്ങൾ എറ്റെടുക്കുന്നതിന്റെ പ്രവർത്തികൾ ആരംഭിച്ചിട്ട് എങ്ങുമെത്തിയിട്ടില്ല.
2012 ഫെബ്രുവരി 15 നാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമാന്തര പാലത്തിനും ബൈപ്പാസ് റോഡിനുമായി 42 കോടി രൂപ അനുവദിച്ചത്.എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും യാതൊരു പ്രവർത്തനവും കാലടിയിൽ നടന്നട്ടില്ല.പാലത്തിൻറെ ബലക്ഷയം ദിവസം ചെല്ലുന്തോറും വർദ്ധിച്ചു വരികയാണ്.

ഏതാനും വർഷങ്ങൾക്ക് മുൻപ് പാലത്തിൻറെ സ്ളാബ് അടർന്നു വീണിരുന്നു.അന്ന് ദിവസങ്ങളോളം
പാലത്തിലൂടെയുളള ഗതാഗതം നിരോധിച്ചാണ് പാലം ബലപ്പെടുത്തിയത്.പുതിയ പാലം ഉടൻ നിർമിക്കണമെന്നാണ് ഐഐടിയിൽ നിന്നുളള വിദഗ്ധർ പറഞ്ഞിരുന്നത്.എന്നാൽ പിന്നീട് പല പ്രഖ്യാപനങ്ങൾ നടന്നെങ്കിലും അത് പാലം നിർമ്മാണത്തിലേക്ക് എത്തിയില്ല.ഇതിനിടയിൽ പല പാലങ്ങളുടെ നിർമ്മാണവും പൂർത്തിയായി.പാലത്തിന്റെ ബലക്ഷയം പരിശോധിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.