ആൻറിയ നിര്‍മിച്ച് നല്‍കുന്ന വീടിന്‍റെ താക്കോല്‍ദാനം ശനിയാഴ്ച്ച അയ്യമ്പുഴയിൽ

അങ്കമാലി: അങ്കമാലി നഗരസഭയിലേയും സമീപ പ്രദേശങ്ങളിലെ 12 പഞ്ചായത്തുകളിലേയും യുഎഇ പ്രവാസികളെ ഉള്‍ക്കൊള്ളുന്ന സംഘടനയായ അങ്കമാലി എൻആർഐ അസ്സോസിയേഷന്‍ അബുദാബി (ആൻറിയ അബുദാബി ) നിർമിച്ചു നൽകുന്ന വീടിന്‍റെ താക്കോൽ ദാനം ശനിയാഴ്ച്ച അയ്യമ്പുഴയിൽ നടക്കും.അയ്യമ്പുഴ പഞ്ചായത്ത് ആറാം വാര്‍ഡില്‍ തോട്ടകത്ത് ബിന്ദുവിന്‍റെ കുടുംബത്തിനാണ് വീടുനല്‍കുന്നത്.

ഭവനത്തിന്‍റെ താക്കോല്‍ദാനം ശനിയാഴ്ച്ച വൈകിട്ട് 4 ന് അയ്യമ്പുഴ കട്ടിങിൽ കവലയില്‍ വച്ച് നടക്കും.റോജി എം ജോൺ എംഎൽഎ, സിനിമാതാരം മഖ്ബുല്‍ സല്‍മാന്‍, ആൻറിയ അബുദാബി പ്രസിഡന്‍റ് കെ.ജെ. സ്വരാജ് എന്നിവര്‍ ചേര്‍ന്ന് താക്കോല്‍ കൈമാറും. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, ജനപ്രതിനിധികള്‍, അയ്യമ്പുഴ കനല്‍ സാംസ്‌കാരികവേദി അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

പ്രതീക്ഷ എന്ന പേരില്‍ നിര്‍ധനരായവര്‍ക്കായി വസ്ത്ര ശേഖരണം, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഗുരുതര രോഗികള്‍ക്ക് ചികിത്സാസഹായം, സ്‌പോൺസർ എ ചൈല്‍ഡ് എന്ന പേരില്‍ പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായങ്ങള്‍ എന്നിവ ആൻറിയ നൽകി വരുന്നു. ഈ വര്‍ഷം ഉണ്ടായ മഹാപ്രളയത്തില്‍ ദുരിതം അനുഭവിച്ച അങ്കമാലിയിലേയും, പരിസര പ്രദേശങ്ങളിലേയും 66 കുടുംബംഗങ്ങള്‍ക്ക് ധനസഹായം നല്‍കാനും കഴിഞ്ഞു.