ശലഭങ്ങളിലെ ‘മൂർഖൻ’ കാലടിയിൽ

കാലടി:കാലടിയിൽ വിരുന്നെത്തിയ നാഗശലഭം നാട്ടുകാർക്ക് കൗതുകമായി. മലയാറ്റൂർ റോഡിൽ മാണിക്യതാൻ ജോബിയുടെ വീടിനുസമീപത്താണ് നാഗശലബത്തെ കണ്ടത്.വെളളിയാഴ്ച്ച രാവിലെയാണ് ശലഭം ശ്രദ്ധയിൽ പെട്ടത്.

മറ്റ് ശലഭങ്ങളിൽ നിന്നും ഭംഗിയും,വലിപ്പവും ഉളളതാണ് നാഗശലബങ്ങൾ.ഒറ്റനോട്ടത്തിൽ ചിത്രശലഭമാണ്. സൂക്ഷിച്ചുനോക്കിയാൽ പേടിയാകും. ചിറകുകളുടെ അറ്റം പാമ്പിന്റെ വായപോലെ. രൂപത്തിലേ ഉള്ളൂ ഈ ഭീകരത. പാവമാണ്. ഭൂപടത്തിന്റെ രൂപത്തിലായതിനാൽ ഇത് അറിയപ്പെടുന്നത് അറ്റ്‌ലസ് കോബ്ര മോത്ത് എന്നാണ്. മൂർഖന്റെ മുഖമുള്ള ചിറക് ആയതിനാൽ മലയാളത്തിൽ ഇതിനെ വിളിക്കുന്നത് നാഗശലഭം എന്നും.

നിശാശലഭങ്ങളിലെ രാജാവാണ് നാഗശലഭം. 30 സെന്റീമീറ്ററാണ് വലിപ്പം. ബ്രൌൺ നിറം. ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ഈ നിശാശലഭം ഉഷ്ണമേഖലാ കാടുകളിലാണ് കൂടുതലായി കണ്ടുവരുന്നത്.തേൻ കുടിയ്ക്കാത്ത നാഗശലഭത്തിനു ലാർവ (പുഴു) ആയിരിക്കുമ്പോൾ കഴിക്കുന്ന ഇലകളാണു ജീവിതത്തിലെ ഏക ഭക്ഷണം. മട്ടി, നാരകം, കറുവ എന്നിവയുടെ ഇലകളാണ് ഇവ കഴിക്കുന്നത്.

ചിറകുകളിൽ മൂർഖൻ പാമ്പിന്റെ രൂപമുള്ളതിനാലാണ് ഇവയെ നാഗശലഭങ്ങൾ എന്നു വിളിക്കുന്നതെന്നു വിദഗ്ധർ പറയുന്നു,അപൂർവ ഇനമെന്ന് കരുതി നിരവധി പേരാണ് നാഗശലഭത്തെ കാണാൻ എത്തിയത്.