79 വാഹനങ്ങൾക്കെതിരെ കേസെടുത്തു

ആലുവ: മീറ്റർ പ്രവർത്തിപ്പിക്കാതെ യാത്രക്കാരിൽ നിന്നും അമിതയാത്രാ കൂലി ഇടാക്കുന്നെന്ന പരാതിയെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് നഗരത്തിൽ നടത്തിയ പരിശോധനയിൽ 79 വാഹനങ്ങൾക്കെതിരെ കേസെടുത്തു. ജില്ല എൻഫോഴ്‌സ്‌മെന്‍റ് ആർ.ടി.ഒ മനോജ് കുമാറിന്‍റെ നിർദ്ദേശപ്രകാരം ആലുവ ജോ.ആർ.ടി.ഒ കെ.സി. ആന്‍റണിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാത്രിയാണ് നഗരത്തിൽ വ്യാപക പരിശോധന നടത്തിയത്.

റെയ്ൽവേ സ്‌റ്റേഷൻ, മെട്രോ സ്‌റ്റേഷൻ, പാലസ് റോഡ്, മൂന്നാർ റോഡ് എന്നിവിടങ്ങളിലായിരുന്നു പരിശോധന. ഫെയർ മീറ്റ് ഇല്ലാതെ സർവീസ് നടത്തിയ 49 ഓട്ടോകളും മീറ്റർ ഇല്ലാത്ത ആറു ഓട്ടോകളും കുടുങ്ങി. സിറ്റി പെർമിറ്റ് ഇല്ലാത്ത അഞ്ച് ഓട്ടോറിക്ഷകൾ പിടികൂടി. ടാക്‌സ്, ഫിറ്റ്‌നസ് എന്നിവ ഇല്ലാത്ത നാല് വാഹനങ്ങൾ, ഇൻഷുറൻസ് ഇല്ലാത്ത ഏഴ് എണ്ണം, മൾട്ടി കളർ ലൈറ്റുകൾ ഫിറ്റ് ചെയ്ത എട്ട് ഓട്ടോകൾക്കെതിരെയും കേസെടുത്തു.

ലൈസൻസില്ലാതെ ഓട്ടോറിക്ഷ ഓടിച്ച രണ്ട് ഡ്രൈവർമാരെയും പിടികൂടി. പരിശോധനയിൽ എൻഫോഴ്‌സ്‌മെന്‍റ് എം.വി.ഐ മാരായ യൂസഫ്, ബിജുമോൻ, എൽദോ വർഗീസ് എന്നിവർ ഉൾപ്പെടെ പത്തോളം ഉദ്യോഗസ്ഥർ പങ്കെടുത്തു. യാത്രക്കാർ കലക്റ്റർക്ക് പരാതി നൽകിയതിനെ തുടർന്നാണ് മിന്നൽ പരിശോധന നടത്തിയത്.