ആന്റി മോസ്‌ക്കിറ്റോ ബിറ്റ് ക്യാപ്‌സൂള്‍ ഉണ്ടെങ്കില്‍ കൊതുക് കുത്തുമെന്ന പേടിവേണ്ട

കാലടി: ദൂരെ യാത്രകള്‍ക്കും മറ്റും പോകുമ്പോള്‍ കൊതുക് കുത്തുമെന്ന പേടിവേണ്ട. കാലടി എൻജിനിയറിങ്ങ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്ത ആന്റി മോസ്‌ക്കിറ്റോ ബിറ്റ് ക്യാപ്‌സൂള്‍ അതിന് പരിഹാരമാകുന്നു. കണ്ടാല്‍ വലിയൊരു വലപോലെ തോന്നുമെങ്കിലും മടക്കികൂട്ടി ചെറിയ ബാഗില്‍ വക്കാവുന്നതാണ് ഇത്. എത്ര കൊതുക് ശല്ല്യമുളള സ്ഥലത്ത്‌പോലും ഇത് ഉപയോഗിച്ച് സുഖമായി കിടന്നുറങ്ങാം.

മൂന്ന് പാളികളുളള, ഒരാള്‍ക്ക് കിടക്കാവുന്ന രൂപത്തിലുളള വലയാണിത്. ആദ്യ പാളി നൈലോണ്‍ കൊണ്ടും, രണ്ടാമത്തേത് പോളിത്തീനും, മൂന്നാമത്തേത് കോട്ടണും കൊണ്ടുമാണ് നിര്‍മിച്ചിരിക്കുന്നത്. കൊതുകിന്റെ ഒച്ചപോലും അകത്ത് കടക്കാത്ത വിധമാണ് ആന്റി മോസ്‌ക്കിറ്റോ ബിറ്റ് ക്യാപ്‌സൂള്‍ നിര്‍മിച്ചിരിക്കുന്നത്. മൂന്ന് പാളികള്‍ ഉളളതിനാല്‍ ശുദ്മായ വായുവും ലഭിക്കുന്നു. കൂടാതെ തണുപ്പിനേയും ചൂടിനേയും പ്രതിരോധിക്കുകയും ചെയുന്നു.

സാധാരണ വിപണിയില്‍ നിന്നും കൊതുകിനെ അകറ്റാന്‍ ലഭിക്കുന്ന ക്രീമുകളും, മറ്റ് ഉത്പന്നങ്ങളും മനുഷ്യ ശരീരത്തിന് ദോഷമാകുന്നതാണ്. എന്നാല്‍ ആന്റി മോസ്‌ക്കിറ്റോ ബിറ്റ് ക്യാപ്‌സൂള്‍ സുരക്ഷിതമായി ഉപയോഗിക്കാമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇലട്രിക്കല്‍ ആന്റ് ഇലട്രോണിക്‌സ് എന്‍ജിനീയറിംഗ് വിഭാഗത്തിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ കെ എ അമല്‍ റാസിക്, ഭഗത്ത് ശിവദാസന്‍, ശ്രീവിദ്യ ശങ്കര്‍, ജെ അമല്‍ എന്നിവര്‍ ചേര്‍ന്നാണ് ഇത് വികസിപ്പിച്ചെടുത്ത്. ഡോ.പി ജിനോ പോള്‍ നേതൃത്വം നല്‍കി.

ഒരു മാസം കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ ആന്റി മോസ്‌ക്കിറ്റോ ബിറ്റ് ക്യാപ്‌സൂള്‍ നിര്‍മിച്ചത്. 500 രൂപയ്ക്ക് ഇത് വിപണിയിലിറക്കാന്‍ കഴിയുമെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. അഖിലേന്ത്യ തലത്തില്‍ ഐസിറ്റി അക്കാദമി സംഘടിപ്പിച്ച മത്‌സരത്തില്‍ രണ്ടാംസ്ഥാനവും 25000 രൂപയുടെ ക്യാഷ് പ്രൈസും ആന്റി മോസ്‌ക്കിറ്റോ ബിറ്റ് ക്യാപ്‌സൂള്‍ നേടി.