അങ്കമാലിയില്‍ സ്കൂട്ടറില്‍ കഞ്ചാവ് വില്‍പ്പന ഒരാള്‍ പിടിയില്‍

അങ്കമാലി: അങ്കമാലി നായത്തോട് നിന്നും സ്കൂട്ടറില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവ് പിടിയിൽ. കറുകുറ്റി പുത്തന്‍പുരക്കല്‍  ഋതിന്‍ ബേബി (20) യാണ് അങ്കമാലി എക്സൈസിന്റെ പിടിയിലായത്. ഇന്‍സ്പെക്റ്റര്‍ ആര്‍. പ്രശാന്തിന്‍റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. അങ്കമാലി നായത്തോട് ഭാഗങ്ങളില്‍ പരാതിയുള്ളതിനാല്‍ കുറെനാളായി തുടര്‍ച്ചയായി പട്രോളിങ് നടത്തി നിരീക്ഷിച്ച് വരുകയായിരുന്നു. പട്രോളിങ്ങിനിടയയിലാണ് ഋതിന്‍ ബേബിയെ പിടികൂടിയത്.

കഞ്ചാവ് വില്‍ക്കുന്നതിന് വേണ്ടി ഋതിന്‍ ബേബി സ്കൂട്ടറുമായി നായത്തോട് വന്നപ്പോഴാണ് പിടിയിലാകുന്നത്. കൂട്ടുകാരുടെ ഇടയില്‍ നിന്നുമാണ് ഇയാള്‍ കഞ്ചാവ് വാങ്ങുന്നത്. കൂട്ടുകാരുടെ ഇടയില്‍ നിന്നും 500 രൂപക്ക് വാങ്ങുന്ന കഞ്ചാവ് 1000 രൂപക്കാണ് ഇയാള്‍ വിറ്റുകൊണ്ടിരുന്നത്. കഞ്ചാവ് വില്‍ക്കുന്നതിന് വേണ്ടി ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയില്‍ എടുത്തു. ഏഴ് വര്‍ഷമായി കഞ്ചാവ് ഉപയോഗിച്ച് വരുന്നയാളാണ് ഋതിന്‍ ബേബി. ആദ്യനാളുകളില്‍ വലിക്കുന്നതിന് വേണ്ടിയാണ് ഇയാള്‍ കഞ്ചാവ് വാങ്ങിയിരുന്നത്. പിന്നീടാണ് കഞ്ചാവ് ചെറുപൊതികളിലായി വില്‍ക്കാന്‍ തുടങ്ങിയത്.

ഋതിന്‍ ബേബിക്ക് അങ്കമാലി പൊലീസ് സ്റ്റേഷനില്‍ രണ്ട് കഞ്ചാവ് കേസ് നിലവിലുണ്ട്. കഞ്ചാവ് കച്ചവടം നടത്തുമ്പോള്‍ പിടിക്കപെടാതിരിക്കാന്‍ സ്കൂട്ടറില്‍ നമ്പര്‍ പ്ലേറ്റ് ഇല്ലാതെയാണ് ഇയാള്‍ സഞ്ചരിക്കാറുള്ളത്. ഒരു വര്‍ഷമായി രജിസ്റ്റര്‍ ചെയ്യാതെയാണ് ഇയാള്‍ സ്കൂട്ടര്‍ ഉപയോഗിച്ച് വരുന്നത്. കഞ്ചാവിന് രഹസ്യകോഡ് നല്‍കി മൊബൈല്‍ ഫോണ്‍ മുഖേന ഇടപാടുകാരുമായി കച്ചവടം ഉറപ്പിച്ച് ഇയാള്‍ പറയുന്ന സ്ഥലത്തുവച്ച് കഞ്ചാവ് കൈമാറുകയാണ് ഋതിന്‍ ബേബി ചെയ്യാറുള്ളത്. ഋതിന്‍ ബേബിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കി.

പരിശോധനയില്‍ റെയ്ഡില്‍ പ്രിവന്‍റീവ് ഓഫിസര്‍ ഇ.കെ.ഹരി, സിവില്‍ എക്സൈസ് ഓഫിര്‍മാരായ എ.ജെ.അനീഷ്, പി.പി.ഷിവിന്‍, എക്സൈസ് ഡ്രൈവര്‍ സക്കീര്‍ ഹുസൈന്‍ എന്നിവര്‍ പങ്കെടുത്തു.