ശമ്പളവും ആനുകൂല്യവും മുടങ്ങി: സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരുടെ സമരം

ആലുവ: നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ശമ്പളം തുടർച്ചയായി മുടങ്ങിയതിനെ തുടർന്ന് ജീവനക്കാരുടെ പ്രതിഷേധം. സംഭവമറിഞ്ഞെത്തിയ പൊതുപ്രവർത്തകരും പൊലീസും ഇടപ്പെട്ട് ഒത്തുതീർപ്പാക്കി.ആലുവ അൻവർ ആശുപത്രി ഏറ്റെടുത്ത് നടത്തുന്ന പുതിയ മാനെജ്മെന്‍റാണ് 27 നഴ്സിംഗ് ജീവനക്കാർ ഉൾപ്പെടെ 65ഓളം പേർക്ക് രണ്ട് മാസത്തിലേറെയായി ശമ്പളം നൽകാതെ കബളിപ്പിച്ചതിനെ തുടർന്നായിരുന്നു പ്രതിഷേധം.

നഗരസഭ പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എം.യു. പ്രമേഷ്, പ്രസ്റ്റീന നികേഷ് എന്നിവർ സ്ഥലത്തെത്തി ആശുപത്രി മാനെജ്മെന്‍റുമായി ചർച്ച നടത്തിയിട്ടും ശമ്പളം നൽകുന്ന കാര്യത്തിൽ തീരുമാനമായില്ല. തുടർന്ന് ആലുവ എസ്.ഐ മുഹമ്മദ് ബഷീറും സ്ഥലത്തെത്തി ചർച്ച നടത്തിയതിനെ തുടർന്ന് ചൊവാഴ്ച മുടങ്ങിയ ശമ്പളത്തിന്‍റെ നാലിലൊരു ഭാഗവും 24നകം ബാക്കിയും നൽകാൻ ധാരണയായി. ഡിസംബർ മാസത്തെ ശമ്പളം ജനുവരി രണ്ടിനും നൽകുമെന്നും മാനേജ്മെന്റ് അറിയിച്ചു.

അൻവർ ആശുപത്രി ഒരു വർഷം മുമ്പാണ് പുതിയ മാനെജ്മെന് ഏറ്റെടുത്തത്. തുടർന്നാണ് ജീവനക്കാരുടെ ശമ്പളവിതരണം താറുമാറായത്. ശമ്പളവും ആനുകൂല്യങ്ങളും നിഷേധിക്കുവെന്നാരോപിച്ച് ജീവനക്കാർ തൊഴിൽ വകുപ്പിനും മനുഷ്യാവകാശ കമ്മീഷനിലും ജീവനക്കാർ പരാതി നൽകിയിട്ടുണ്ട്. ഏഴ് മാസമായി പ്രോവിഡന്‍റ് ഫണ്ടും ഇ.എസ്.ഐ. വിഹിതവും അടയ്ക്കുന്നില്ലെന്നും ജീവനക്കാർ പറയുന്നു. 35 വർഷത്തെ സർവ്വീസുള്ള നഴ്‌സുമാരെ യാതൊരു കാരണവും കൂടാതെ പിരിച്ചു വിടാനും ശ്രമം നടത്തിയിരുന്നു. ശമ്പളം യഥാസമയം ലഭിക്കാതിരുന്നതിനെ തുടർന്ന് ഭൂരിഭാഗം ഡോക്റ്റർമാരും ആശുപത്രി വിട്ടിരുന്നു.

പ്രളയത്തെ തുടർന്നുണ്ടായ സാമ്പത്തീക ബാധ്യതയാണ് ജീവനക്കാരുടെ ശമ്പളം മുടങ്ങാൻ കാരണമെന്ന് ആശുപത്രി ഡയറക്റ്റർ മനീഷ് ബാബു പറഞ്ഞു.