സുനിൽ പി ഇളയിടത്തിന്റെ ഓഫീസിലെ ഗുണന ചിഹ്നം : സർവകലാശാല മൂന്നംഗ കമ്മീഷനെ നിയോഗിച്ചു

കാലടി: സംസ്‌കൃത സർവകലാശാല മലയാള വിഭാഗം അധ്യാപകൻ സുനിൽ പി ഇളയിടത്തിന്റെ ഓഫീസിലെ വാതിലിൽ കാവി നിറത്തിൽ ഗുണന ചിഹ്നം വരച്ചതും, അദ്ദേഹത്തിന്റെ പേര് എഴുതിയ ബോർഡ് മാറ്റിയതുമായ സംഭവം അന്വേഷിക്കാൻ സർവകലാശാല മൂന്നംഗ കമ്മീഷനെ നിയോഗിച്ചു.ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും.

ഇതിനിടയിൽ ജോലിയിൽ കൃത്യവിലോപം കാണിച്ച മൂന്ന് സെക്യൂരിറ്റി ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. സിസി ടിവി ക്യാമറ തകർത്ത രണ്ട് വിദ്യാർത്ഥികളെയും സസ്‌പെന്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം 15നാണ് സുനിൽ പി ഇളയിടത്തിന്റെ ഓഫീസിന്റെ വാതിലിൽ ഗുണനചിഹ്നം വരച്ചതും, അദ്ദേഹത്തിന്റെ പേര് എഴുതിയ ബോർഡ് മാറ്റിയ നിലയിലും കണ്ടത്. പോലീസ് അന്വേഷണം നടത്തിയെങ്കിലും സംഭവത്തിന് പിന്നിലുള്ളവരെ കണ്ടത്താനായിരുന്നില്ല.