റോഡ‌് പണി ഏറ്റെടുക്കാൻ കരാറുകാരില്ലെന്ന് റോജി എം.ജോൺ എംഎൽഎ

അങ്കമാലി:റോഡുകൾക്ക് തുക അനുവദിച്ചെങ്കിലും നിർമാണ ജോലികൾ ഏറ്റെടുക്കാൻ കരാറുകാർ തയാറാകുന്നില്ലെന്ന് റോജി എം.ജോൺ എംഎൽഎ ആരോപിച്ചു. അങ്കമാലി മണ്ഡലത്തിൽ പ്രളയത്തിനു ശേഷം 3.75 കോടി രൂപ 23 റോഡുകൾക്കായി അനുവദിച്ചെങ്കിലും ടെൻഡർ വിളിച്ചപ്പോൾ 5 റോഡുകൾ മാത്രമേ കരാറുകാർ എടുത്തിട്ടുള്ളു.

ബാക്കി റോഡുകൾ ഇപ്പോൾ റീ ടെൻഡർ ചെയ്തിരിക്കയാണ്. നിർമാണ സാമഗ്രികളുടെ അനിയന്ത്രിതമായ വില വർധനയും ബ‌ില്ല് മാറിക്കിട്ടാനുള്ള കാലതാമസവുമാണ് കരാറുകാരുടെ താൽപര്യക്കുറവിനു കാരണം. ഈ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

ടെൻഡർ നടപടികൾ പൂർത്തീകരിച്ച റോഡുകളുടെ നിർമാണം ആരംഭിച്ചിട്ടുണ്ടെന്നും എത്രയും വേഗം ഇത് പൂർത്തീകരിക്കാൻ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദേശം നൽകിയതായും എംഎൽഎ അറിയിച്ചു.

നിർമാണത്തിലെ അപാകത മൂലം കേസിൽ ഉൾപ്പെട്ട് തുക അനുവദിക്കാതെ കിടക്കുന്ന അങ്കമാലി-മഞ്ഞപ്ര റോഡും കേസിൽ ഉൾപ്പെട്ട അങ്കമാലി-കിഴക്കെപ്പളളി റോഡും പാറമട ഉടമസ്ഥരുടെ സഹായത്തോടെ അറ്റകുറ്റപണികൾ പൂർത്തീകരിച്ചു. അങ്കമാലി -മഞ്ഞപ്ര റോഡിന്റെ കേസുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തീകരിച്ച് വരികയാണെന്നും സെൻട്രൽ റോഡ് ഫണ്ടിൽ(സിആർഎഫ്) ഉൾപ്പെടുത്തി 15 കോടി രൂപ അനുവദിക്കാമെന്ന് മന്ത്രി ജി.സുധാകരൻ ഉറപ്പ് നൽകിയതായും എംഎൽഎ പറഞ്ഞു.