സംസ്‌കൃത സര്‍വകലാശാല കലാവിഭാഗത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തെയ്യത്തിന്റെ ചുമര്‍ചിത്രരചന പൂര്‍ത്തിയായി

കാലടി:സംസ്‌കൃത സര്‍വകലാശാല കലാവിഭാഗത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലോകത്തിലെ ഏറ്റവും വലിയ തെയ്യത്തിന്റെ ചുമര്‍ചിത്രരചന പൂര്‍ത്തിയായി. സംസ്‌കൃത സര്‍വകലാശാല ഫൈന്‍ ആര്‍ട്‌സ് കണ്‍സോര്‍ഷ്യത്തിന്റെ നേതൃത്വത്തിലാണ് വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ കെട്ടിടത്തില്‍ ചുമര്‍ചിത്രം ഒരുക്കിയത്.60 അടി ഉയരത്തിലും 80 അടി വീതിയിലുമുള്ളതാണ് ചുമര്‍ചിത്രം.വിഷ്ണുമൂര്‍ത്തി തെയ്യത്തിന്റെ രുപമാണ് വരച്ചിരിക്കന്നത്.

ആദ്യം സിമന്റില്‍ തെയ്യത്തിന്റെ ശില്പം തയ്യാറാക്കി.തുടര്‍ന്ന് അക്രലിക് നിറങ്ങളും, പിന്നീട് ആടയാഭരണങ്ങള്‍ ചെമ്പിലും, അലുമിനിയത്തിലും പൊതിഞ്ഞുമാണ് ചുമര്‍ചിത്രശില്പം പൂര്‍ത്തീകരിച്ചത്. ചുമര്‍ചിത്രശില്പം നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന നിറങ്ങളുടെ പ്രയോഗം കേരളീയ ചുമര്‍ചിത്ര ശൈലിയില്‍ തന്നെയാണ്.നാലുമാസത്തോളമെടുത്തു പൂര്‍ത്തിയാക്കുവാന്‍. ചുമര്‍ചിത്രകലാകാരനും സര്‍വകലാശാല ചിത്രകലാ വിഭാഗം മേധിവിയുമായ സാജു തുരുത്തിലിന്റെ നേതൃത്വത്തില്‍ സര്‍വകലാശാല പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ദില്‍ജിത്ത്, വിഷ്ണു, സുജിത്ത്, ശ്രീനോജ് എന്നിവര്‍ ചേര്‍ന്നാണ് ചുമര്‍ചിത്രശില്പം പൂര്‍ത്തീകരിച്ചത്.

കണ്ണൂരിന്റെ പൈതൃകം ആസ്പദമാക്കി വിമാനത്താവളത്തില്‍ കൂടുതല്‍ ചിത്രങ്ങള്‍ തയ്യാറാക്കുന്നതുസംബന്ധിച്ച് കിയാല്‍ അധികൃതരുമായി ചര്‍ച്ച നടത്തി വരികയാണെന്ന് വൈസ് ചാന്‍സിലര്‍ ഡോ:ധര്‍മ്മരാജ് അടാട്ട് പറഞ്ഞു.ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ ഫൈന്‍ ആര്‍ട്‌സ് കണ്‍സോഷ്യം ഇത്തരത്തില്‍ നിരവധി പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുന്നുണ്ട്. തുറവൂര്‍ ക്ഷേത്രത്തിലെ മുന്നൂറ്റന്‍പതോളം വര്‍ഷം പഴക്കമുള്ള ചുമര്‍ചിത്രത്തെ പുന:പ്രക്രിയയിലൂടെ തിരിച്ചെടുത്തിരുന്നു. ഫൈന്‍ ആര്‍ട്‌സ് കണ്‍സോഷ്യം എന്നത് വിദ്യാര്‍ത്ഥികള്‍ക്ക് പഠനശേഷം അതത് മേഖലയില്‍ തന്നെ തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്ന പദ്ധതിയാണ്.