ഉഷ പൃഥ്വീരാജിന്റെ കവിതാസമാഹാരം അരണി പ്രകാശനം ചെയ്തു

കാലടി : നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് എഴുത്തുകാര്‍ മുന്നിട്ടിറങ്ങണമെന്നും, ഓരോ കലാസൃഷ്ടിയും, സാംസ്‌കാരിക മുന്നേറ്റത്തിന് പ്രചോദനമാകണമെന്നും കവി ജയകുമാര്‍ ചെങ്ങമനാട് പറഞ്ഞു. കാലടി എസ്.എന്‍.ഡി.പി. ലൈബ്രറിയില്‍ ഉഷ പൃഥ്വീരാജിന്റെ കവിതാസമാഹാരം അരണി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃതസര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ.ടി.പി. രവീന്ദ്രന്‍ യോഗം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് അഡ്വ. കെ.ബി. സാബു അധ്യക്ഷനായിരുന്നു. കാലടി സര്‍വ്വകലാശാല വേദാന്ത വിഭാഗം പ്രൊഫസര്‍ ഡോ.എസ്. ഷീബ പുസ്തകം ഏറ്റുവാങ്ങി.

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഇ.വി. നാരായണന്‍ പുസ്തകപരിചയം നടത്തി. ആലുവ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ. ഷാജി,ലൈബ്രറി വൈസ് പ്രസിഡന്റ് എം.വി. ജയപ്രകാശ്.സെക്രട്ടറി കാലടി എസ്. മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ആയിഷ ഫൗസിക് കവിതാലാപനം നടത്തി. എം.ബി. രാജന്‍ ദൈവദശകം ആലപിച്ചു. ഉഷ പൃഥ്വീരാജന്‍ മറുപടി പ്രസംഗം നടത്തി.

കാലടി എസ്..ഡി.പി. ലൈബ്രറിയിലെ പ്രതിവാര സാംസ്‌കാരിക കൂട്ടായ്മയായ ബുധസംഗമമാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബുധസംഗമം സാംസ്‌കാരിക കൂട്ടായ്മയുടെ നാലാമത് പുസ്തകമാണ് അരണി. ശ്രീനാരായണഗുരുദേവന്റെ ദൈവദശകത്തിന് ശിവഗിരിമഠത്തിലെ സ്വാമി അവ്യയാനന്ദ രചിച്ച ആസ്വാദനം, ബുധസംഗമസന്ധ്യകള്‍, ഭിന്നശേഷിക്കാരനായ ജിഷ്ണു പി.എസിന്റെ കഥാസമാഹാരം തേങ്ങുന്ന കിളി എന്നിവയാണ് ബുധസംഗമം നേരത്തേ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍.