കാക്കിക്കുളളിലെ സിനിമാ വിശേഷങ്ങൾ

മലയാള സിനിമയിൽ പോലീസ് സാന്നിദ്ധ്യം അടയാളപ്പെടുത്തിയമാസമാണ് നവംബർ. 3 പോലീസുദ്യോഗസ്ഥരുടെ സിനിമകളാണ് നവംബറിൽ ശ്രദ്ധിക്കപ്പെട്ടത്. കോട്ടയം ഡി. എച്ച്ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ ഷാഹി കബീർ രചന നിർവഹിച്ച ‘ജോസഫ്’ ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുത്ത അയ്യമ്പുഴ സ്റ്റേഷനിലെ സീനിയർസിവിൽ പോലീസ് ഓഫീസർ റഹിം ഖാദർ രചനയും സംവിധാനവും നിർവഹിച്ച ‘മക്കന’.തൃശൂർ സിറ്റിയിലെ ആന്റി ഗുണ്ടാസ്‌ക്വാഡ് എസ്. ഐ ശെൽവരാജ് കളക്കണ്ടത്തിൽ തിരക്കഥ എഴുതിയ ‘തനഹ’ എന്നിവയാണ് ഈ സിനിമകൾ.മൂന്നു പേരുടെയും ആദ്യസംരംഭമാണിതെന്ന പ്രത്യേകതയും ഈ ചിത്രങ്ങൾക്കുണ്ട്.

ഒരു റിട്ടയേഡ് പോലീസുദ്യോഗസ്ഥന്റെ കഥയാണ് ജോസഫ്. രചനാ കൗശലം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമ.അസാധാരണമായ രചനാവൈഭവമെന്ന് ഇതിനകം നിരൂപക പ്രശംസനേടിയ ജോസഫ് ഒരുസൈകോ ത്രില്ലർമൂഢാണ് അനുവാചകരിലേക്ക് പകരുന്നത്. വെറുമൊരു അന്വേഷണത്തിന്റ പരിസരങ്ങളിലായി ഒതുക്കപ്പെടാതെ കുടുംബബന്ധത്തിന്റെ വിശാലതയിലേക്ക് ഫ്രെയിംവച്ചു എന്നതാണ് ജോസഫിൽ കാണുന്ന മേന്മ. അതിഭാവുകത്വത്തിലേക്ക് പോകാതെ കൈയ്യൊതുക്കത്തോടെഎഴുതി നേടിയ വിജയമാണ് ജോസഫിന്റേത്. പത്മകുമാറാണ് സംവിധാനം. ജോജുജോർജ്ജാണ് ജോസഫായി മാറിയിരിക്കുന്നത്.

ജോലിക്കിടയിൽ വീണുകിട്ടിയ സംഭവമാണ് റഹിംഖാദറിന് മക്കനയിലേക്കുള്ള വഴിതുറന്നത്. ലാളിച്ചുവളർത്തിയ ഏകമകൾ മാതാപിതാക്കളെ തള്ളി പറഞ്ഞ് കാമുകന്റെകൂടെ പോകുന്നതും, തുടർന്നുള്ള മാതാപിതാക്കളുടെ വേദനയുമാണ് മക്കന പറയുന്നത്. 17 ദിവസംകൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ മക്കന മതമല്ല മകളാണ് വലുതെന്ന യാഥാർത്ഥ്യം ഓർമ്മിപ്പിക്കുന്നു.മികച്ച ഒരു കഥാചിത്രമാണ് മക്കന. മലയാളത്തിലെ പ്രശസ്തരായ സംവിധായകരോട് മത്സരിച്ചാണ് ഇന്ത്യൻ പനോരമയിൽ ഇടം പിടിച്ചത്. മികച്ച ഫ്രെയ്മുകളും ഒഴുക്കുള്ള അവതരണശൈലിയും കൊണ്ട് ഈ കന്നിക്കാരന്റെ ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്.

അവിചാരിതമായാണ് സബ്ഇൻസ്‌പെക്ടറായ ശെൽവരാജ്കുളക്കണ്ടത്തിൽ ‘തനഹ’യുമായിഎത്തുന്നത്. പേരാമംഗലം എസ്.ഐ ആയിരിക്കുമ്പോൾ മേഘവർണ്ണങ്ങൾ എന്ന ആൽബത്തിന്റെ സെറ്റിൽ എത്തുകയും അവിടെ ഉണ്ടായ ബന്ധങ്ങളുമാണ് തനഹയിലേക്ക് വഴിതുറന്നത്. നല്ല കഥയുണ്ടെങ്കിൽ സിനിമയ്ക്ക് പ്രൊഡ്യൂസറെ തരാമെന്ന് ആ ക്രൂവിന് വാഗ്ദാനം നൽകി. തുടർന്ന് ഒരു പാട് കഥകൾ കേട്ടു.ഒന്നും ഇഷ്ടമായില്ല ഒടുവിൽ ശെൽവരാജൻ തന്റെ മനസ്സിലെ കഥപറയുകയായിരുന്നു. അതാണ് തനഹ. ആശ്രിത നിയമത്തിലൂടെ പോലീസായി ജോലികിട്ടുന്ന അലസരായ രണ്ട് പോലീസുകാരുടെ കഥയാണ് ശെൽവരാജ് പറഞ്ഞത്. പ്രകാശ് കുഞ്ഞൻ മൂരയിൽ സംവിധാനം ചെയ്ത തനഹയിൽ അഭിലാഷ് ടിറ്റോ വിൽസൻ, സതീഷ് കണാരൻ, ശ്രീജിത്ത്‌രവി, ഇർഷാദ് തുടങ്ങിയ വൻ താരനിരയുണ്ട്.

ഒരുഡിപ്പാർട്ട് മെന്റിലെ മൂന്ന് ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ ഒരേമാസം ശ്രദ്ധിക്കപ്പെടുക എന്നതും സിനിമാചരിത്രത്തിന്റെ ഭാഗമാകുന്നു.