കാലടി ക്യാറ്റ്‌സ് ക്ലബ് നിര്‍ധന കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കുന്നുകാലടി: നിര്‍ധന കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കുകയാണ് കാലടി ക്യാറ്റ്‌സ് ക്ലബ്. മറ്റൂര്‍ വട്ടപ്പറമ്പ് വടക്കുംഭാഗം ശശിയുടെ കുടുബത്തിനാണ് വീട് നിര്‍മ്മിച്ച് നല്‍കുന്നത്. ഭാര്യ സാവിത്രിയും രണ്ട് കുട്ടികളും അടങ്ങുന്നതാണ് ശശിയുടെ കുടുംബം. ഒരാള്‍ ബധിരയും, മൂകയുമാണ്. മറ്റൊരാള്‍ ബ്രഹ്മാനന്ദോദയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 12 -ാം ക്ലാസ് വിദ്യാര്‍ഥിയാണ്.

ഒരു വര്‍ഷം മുമ്പു വരെ സ്വന്തമായി ഭൂമി ഉണ്ടായിരുന്നില്ല. കുടുംബം ഭാഗം വച്ചപ്പോള്‍ ശശിക്ക് 3 സെന്റ് സ്ഥലം ലഭിച്ചു. തകര്‍ന്ന് വീഴാറായ ഒരു കൂരയായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്. ശുചിമുറി ഇല്ലാത്തതിനാല്‍ പഞ്ചായത്ത് വീട്ട് നമ്പര്‍ നല്‍കിയിരുന്നില്ല. അതിനാല്‍ റേഷന്‍ കാര്‍ഡ് പോലും ഇവര്‍ക്ക്
ഉണ്ടായിരുന്നില്ല. യാതൊരു ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ല.

ഇവരുടെ അവസ്ഥ മനസിലാക്കിയതിനെ തുടര്‍ന്നാണ് ക്യാറ്റ്‌സ് ക്ലബ് വീട് നിര്‍മിച്ചു നല്‍കുന്നത്. ബ്രഹ്മാനന്ദോദയം സ്‌കൂളിലെ അധ്യാപകരുടെയും അനധ്യാപകരുടെയും സഹകരണത്തോടെയാണ് വീട് നിര്‍മിക്കുന്നത്. രണ്ട് കിടപ്പ് മുറി, അടുക്കള, ഡ്രോയിങ്ങ് മുറി എന്നിവ അടങ്ങുന്നതാണ് വീട്. 500 ചതുരശ്ര അടിയിലാണ് വീട് നിര്‍മ്മിക്കുന്നത്.

അടുത്തയാഴ്ച്ച വീടിന്റെ നിര്‍മാണം ആരംഭിക്കുമെന്ന് ക്യാറ്റ്‌സ് ക്ലബ്ബ് ഭാരവാഹികളായ കെ. വേണുഗോപാല്‍, ടി.കെ. സാജന്‍, കെ.എന്‍. ചന്ദ്രപ്രകാശ്, അധ്യാപകരായ ബ്രഹ്മരാജ്, സുനില്‍, ഗീത ചന്ദ്രപ്രകാശ്, പദ്ധതി കോ ഓഡിനേറ്റര്‍ ജെസ് റ്റോ പോള്‍ തുടങ്ങിയവര്‍ അറിയിച്ചു.സാഫല്യം എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ക്യാറ്റ്‌സ് ക്ലബ് നിര്‍മ്മിച്ച് നല്‍കുന്ന മൂന്നാമത്തെ വീടാണിത്.