ആലുവയിൽ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചുആലുവ: നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പത്ത് ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചു. റെയിൽവേ സ്റ്റേഷൻ സ്ക്വയറിലെ എവറസ്റ്റ്, അലങ്കാർ, ബാംബിനോ, സീലാന്റ്, താജ്, മിൻഹ, തലശേരി ചിക്കൻ, അറഫ, സൂരജ്, മീൻചട്ടി റെസ്റ്റോറന്റ് എന്നീ ഹോട്ടലുകളിൽ നിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചത്.

പിടിച്ചെടുത്ത ഭക്ഷണപദാർത്ഥങ്ങൾ നഗരസഭ കാര്യാലയത്തിന് മുമ്പിൽ ഹോട്ടലുകളുടെ പേര് സഹിതം പ്രദർശിപ്പിച്ചു. പാറ്റകൾ ചത്തുകിടക്കുന്ന ചിക്കൻ കറികൾ വരെ പിടിച്ചെടുത്തവയിലുണ്ട്. ചീഞ്ഞളിഞ്ഞ് പുഴുവരിക്കുന്ന ഭക്ഷണം നൽകിയാലും നിസാര തുക മാത്രമാണ് ഹോട്ടൽ ഉടമകളിൽ നിന്നും പിഴ ഈടാക്കുന്നത്. അതിനാൽ എത്രവട്ടം പിടിക്കപ്പെട്ടാലും റെയ്ഡിനെ ഹോട്ടൽ ഉടമകൾ കാര്യമാക്കുന്നില്ല.

അടുത്തിടെ ഒരു പൊലീസ് ഉദ്യോഗസ്ഥനായി പാർസൽ വാങ്ങിയ പ്രഭാത ഭക്ഷണം പഴകിയതാണെന്ന് ബോധ്യമായതിനെ തുടർന്ന് ഹോട്ടൽ ഒരു ദിവസം ഹോട്ടൽ അടപ്പിച്ചിരുന്നു. പുലർച്ചെ അഞ്ചര മുതൽ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഗോപകുമാർ, സുനിൽകുമാർ, ജെ.എച്ച്.ഐമാരായ വിനോദ് കുമാർ, സീന, നൗഫിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.