അയ്യമ്പുഴയിൽ വീണ്ടും പുലിയിറങ്ങി:ആശങ്കയോടെ നാട്ടുകാർഅയ്യമ്പുഴ:അയ്യമ്പുഴ പഞ്ചായത്തിലെ കണ്ണിമംഗലം സെയ്ന്റ് മാർട്ടിൻ നഗറിൽ പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നുതിന്നു. സെയ്ന്റ് മാർട്ടിൻ നഗറിലെ മാർട്ടിന്റെ കിടാവിനെയാണ് പുലി കൊന്ന് തിന്നത്‌.ബഹളം കേട്ട് നോക്കിയപ്പോൾ പുലി കിടാവിനെ കടിച്ചുകൊണ്ടുപോകുന്നത് സെബാസ്റ്റ്യൻ കണ്ടത്‌.

പറമ്പിൽ വെളിച്ചമുള്ള ഭാഗത്താണ്‌ കിടാവിനെ കെട്ടിയിരുന്നത്. ആറു മാസത്തിനിടെ അഞ്ച് പശുക്കുട്ടികളെ പുലി പിടിച്ചിട്ടുണ്ട്. വനാതിർത്തിയിലെ ജനവാസ മേഖലയാണിത്. 15 കുടുംബങ്ങൾ താമസക്കാരായുണ്ട്. ഒരു അങ്കണവാടിയും പ്രവർത്തിക്കുന്നു.

വീണ്ടും പുലിയെത്തിയതോടെ ജനങ്ങൾ ആശങ്കയിലാണ്.ഒരു വർഷത്തിനിടെ നൂറോളം പശുക്കളെ പുലി ഇരയാക്കിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. അവശിഷ്ടങ്ങൾ കിട്ടാത്തവയുടെ കൂടി കണക്കുകൾ കൂട്ടിയാൽ ഈ സംഖ്യ ഉയരും.പ്ലാന്റേഷൻ കോർപറേഷന്റെ സ്ഥലം കൂടിയാണിത്. ഭൂരിഭാഗം എല്ലാം തോട്ടങ്ങളിലും പുലിയുടെ ശല്യം ഏറിയിട്ടുണ്ട്.

ജനവാസ മേഖലകളിൽനിന്നാണു പുലി പശുക്കളെ ഇരയാക്കുന്നത്. ചിലപ്പോൾ പുലികൾ കൂട്ടമായാണ് ഇരയെ പിടിക്കുന്നത്. ഒട്ടേറെ തവണ ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ഇരയെ കൊന്നശേഷം മരത്തിന്റെ ശിഖരങ്ങളിൽ തൂക്കിയിട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.പ്ലാന്റേഷനിലെ പ്രധാന റോഡുകളോടു ചേർന്നുള്ള മരത്തിന്റെ ശിഖരത്തിൽ ഇത്തരത്തിൽ ഇരയെ കൊന്നു തൂക്കിയിടാറുണ്ട്.