അങ്കമാലിയില്‍ ബൈക്കില്‍ കഞ്ചാവ് വില്‍പ്പന നാല് പേര്‍ പിടിയില്‍

അങ്കമാലി: വിവിധ സ്ഥലങ്ങളില്‍ നിന്ന് കഞ്ചാവുമായി നാലു പേര്‍ അങ്കമാലി എക്സൈസിന്‍റെ പിടിയിലായി. ചെങ്ങമനാട് പുതുവാശേരി കതളിക്കാടന്‍ അമല്‍ (19), മടത്തിപറമ്പില്‍ അരവിന്ദ് (18), നെടുമ്പാശേരി കോട്ടായി ഗാന്ധിഗ്രാമം തെക്കിനേടത്ത് ബിജു (37), ചെങ്ങമനാട് പുതുവാശേരി മങ്ങാട്ടുമഠം സന്ദീപ് (35), എന്നിവരാണ് അങ്കമാലി എക്സൈസിന്‍റെ പിടിയിലായത്.അങ്കമാലി എക്സൈസ് ഇന്‍സ്പെക്റ്റര്‍ ആര്‍. പ്രശാന്തിന്‍റെ നേതൃത്വത്തിലാണ് നാലുപേരെയും പിടികൂടിയത്.

അമലിന്‍റെയും അരവിന്ദിന്‍റെയും കൈവശത്തുനിന്നും 20 ഗ്രാം കഞ്ചാവും ബിജുവിന്‍റേയും സന്ദീപിന്‍റേയും കൈവശത്തുനിന്നും 22 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. ഇവരെ അങ്കമാലി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നുമാണ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് സുഹൃത്തുക്കള്‍ക്ക് കൈമാറാന്‍ വന്നപ്പോഴാണ് എക്സൈസിന്‍റെ പിടിയിലാകുന്നത്. 500 രൂപക്ക് വാങ്ങി 1000 രൂപക്ക് മറിച്ച് വില്‍ക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇവര്‍ കഞ്ചാവ് കൈമാറുന്നതിന് വേണ്ടി ഉപയോഗിച്ച ബൈക്ക് കസ്റ്റഡിയില്‍ എടുത്തു.

ബിജുവിനേയും സന്ദീപിനേയും അങ്കമാലി വ്യവസായ മേഖലയുടെ പരിസരത്ത് നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ രണ്ട് പേരും കഞ്ചാവ് ഇടപാടുകാര്‍ക്ക് കൈമാറാന്‍ വന്നപ്പോഴാണ് എക്സൈസിന്‍റെ പിടിയിലാകുന്നത്. ബിജു അഞ്ച് വര്‍ഷമായി കഞ്ചാവ് വലിക്കാനും വില്‍ക്കാനും തുടങ്ങിയിട്ട്. സന്ദീപ് രണ്ട് വര്‍ഷമായി കഞ്ചാവ് വില്‍പ്പന തുടങ്ങിയിട്ട്. ഇരുവരും സുഹൃത്തുക്കള്‍ ആണ്. കഞ്ചാവ് ചെറുപൊതികളിലാക്കി ഒരു പൊതിക്ക് 500 രൂപ നിരക്കില്‍ വില്‍ക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

അങ്കമാലി, ആലുവ കേന്ദ്രീകരിച്ചാണ് ഇവര്‍ കഞ്ചാവ് വില്‍പ്പന കൂടുതലായും നടത്താറുള്ളത്. ബിജു ഇതിനുമുമ്പ് ആമ്പ്യൂള്‍ കടത്തിയ കുറ്റത്തിന് എറണാകുളം എക്സൈസ് നര്‍ക്കോട്ടിക്ക് സ്കോഡിന്‍റെ പിടിയിലായിട്ടുണ്ട്. സന്ദീപിന് പോലിസ് സ്റ്റേഷനില്‍ രണ്ട് അടിപിടി കേസുകള്‍ നിലവിലുണ്ട്. നാലുപേരെയും ചോദ്യം ചെയ്തതില്‍ നിന്നും കഞ്ചാവ് വില്‍പ്പന നടത്തുന്ന ഇവരുടെ മറ്റ് സുഹൃത്തുക്കളെ കുറിച്ച് വിവരം കിട്ടിയിട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി എക്സൈസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു.

നാലുപേരെയും അങ്കമാലി കോടതില്‍ ഹാജരാക്കി. റെയ്ഡില്‍ പ്രിവന്‍റീവ് ഓഫിസര്‍ ഇ.കെ.ഹരി, സിവില്‍ എക്സൈസ് ഓഫിര്‍മാരായ പി.എന്‍.സുരേഷ്ബാബു, എ.ജെ.അനീഷ്, കെ.എസ് പ്രശാന്ത്, പി.പി.ഷിവിന്‍, പി.എന്‍.അജി. വനിത സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ടി.എ.ഫൗസിയ, എം.എ ധന്യ, എക്സൈസ് ഡ്രൈവറായ സക്കീര്‍ ഹുസൈന്‍ എന്നിവര്‍ പങ്കെടുത്തു.