കാറുമായി കടന്ന രണ്ടംഗസംഘത്തിലെ രണ്ടാം പ്രതി ആലുവ കോടതിയിൽ നാടകീയമായി കീഴടങ്ങി

 

ആലുവ: ഡ്രൈവറെ മർദ്ദിച്ച് കാറുമായി കടന്ന രണ്ടംഗസംഘത്തിലെ രണ്ടാം പ്രതി ആലുവ കോടതിയിൽ നാടകീയമായി കീഴടങ്ങി. തലയോലപറമ്പ് കൊച്ചഗ്രാക്കൽ മുകേഷ് വിജയൻ (35) ആണ്  രാവിലെ 11.30ഓടെ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ട് മുമ്പാകെ കീഴടങ്ങിയത്.

കോയമ്പത്തൂർ, മംഗലാപുരം, ബംഗലുരു എന്നിവിടങ്ങളിലാണ് ഒളിവിൽ താമസിച്ചതെന്നും പണമില്ലാത്തതിനാൽ തിരികെ എത്തിയതാണെന്നും പ്രതി കോടതിയിൽ വച്ച് മാധ്യമങ്ങളോട് പറഞ്ഞു. ഒന്നാം പ്രതി അനീഷ് തന്നെ ചതിച്ചതാണെന്നാണ് മുകേഷ് കോടതിയെ അറിയിച്ചത്. അഭിഭാഷകനോടൊപ്പം രണ്ടാം പ്രതി കീഴടങ്ങിയ വിവരം തട്ടിക്കൊണ്ടുപോയ കാറിന്‍റെ ഉടമ അസൈനാരാണ് പൊലീസിനെ അറിയിച്ചത്. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാർ തിരികെ ലഭിക്കാനുള്ള അനുമതിയ്ക്കായി കോടതിയിൽ എത്തിയതാണ് അസൈനാർ.

കുടുംബ വഴക്കിനെ തുടർന്ന് കോട്ടയം ജില്ലാ ജയിലിൽ 105 ദിവസം റിമാൻഡിൽ കഴിഞ്ഞപ്പോഴാണ് ഒന്നാം പ്രതി അനീഷിനെ പരിചയപ്പെടുന്നത്. ഇന്നോവ കാർ മോഷ്ടിച്ച കേസിലാണ് അനീഷ് ജയിലിലെത്തിയത്. അനീഷിന്‍റെ സുഹൃത്താണ് ജാമ്യത്തിലിറക്കിയത്. ഇയാൾ ഡോക്റ്റർ എന്ന വ്യാജേനയാണ് വിലസിയിരുന്നത്. വിദേശത്ത് നിന്നും നാട്ടിലെത്തിയ ശേഷം കാക്കനാട് കിൻഫ്രാ പാർക്കിൽ ഡ്രൈവറായിരുന്നു. സ്വവർഗ്ഗരതി തൽപ്പരനായ വ്യാജ ഡോക്റ്ററിൽ നിന്ന് രക്ഷപ്പെടാനാൻ പാലക്കാട് പോയി.

അതിനിടയിലാണ് ഭാര്യയുമായി അകന്ന് കഴിയുന്ന അനീഷ് മലയാറ്റൂരുള്ള മക്കളെ കാണാൻ പോകാൻ കൂട്ടിയത്. കാർ വിളിക്കുകയും ഡ്രൈവറെ മർദ്ദിക്കുകയും ചെയ്തതിൽ തനിക്ക് പങ്കില്ലെന്നും മുകേഷ് പറയുന്നു. പലവട്ടം കീഴടങ്ങാമെന്ന് പറഞ്ഞിട്ടും അനീഷ് സമ്മതിച്ചില്ലെന്ന് മുകേഷ് പറയുന്നു. ഒന്നാം പ്രതി തലശ്ശേരി കാരപ്പുഴയിൽ അനീഷിനെ (38) തൃശൂർ പുത്തൂരിൽ വച്ച് പൊലീസ് പിടികൂടിയിരുന്നു. ആലുവ ടാക്‌സി ഡ്രൈവറായിരുന്ന കീഴ്മാട് മാടപ്പിള്ളിത്താഴം പാറപ്പുറത്ത് വീട്ടിൽ ശിവശങ്കരൻ നായർ (ബാബു 63) ക്കാണ് മർദ്ദനമേറ്റത്.