സംസ്കൃത സർവകലാശാല കവാടത്തിനു മുന്നിലുള്ള ഒഴിഞ്ഞ സ്ഥലം മാലിന്യനിക്ഷേപ കേന്ദ്രമായി മാറികാലടി : ടൗണിൽ മലയാറ്റൂർ റോഡിൽ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല കവാടത്തിനു മുന്നിലുള്ള ഒഴിഞ്ഞ സ്ഥലം മാലിന്യനിക്ഷേപ കേന്ദ്രമായി മാറി. കെഎസ്ഇബി ട്രാൻസ്ഫോമറിന്റെ അടിയിൽ തന്നെയാണു മാലിന്യം കുന്നുക്കൂടി കിടക്കുന്നത്. ഇതു നീക്കം ചെയ്യുന്നില്ല. ഓരോ ദിവസം കഴിയുന്തോറും മാലിന്യം കൂടിക്കൂടി വരുന്നു. കാലടി-മലയാറ്റൂർ റോഡും യൂണിവേഴ്സിറ്റി കനാൽ റോഡും ആശ്രമം റോഡിനെ ബന്ധിപ്പിക്കുന്ന കനാൽ റോഡും പുത്തൻകാവ് റോഡും വന്നുചേരുന്ന ജംക്‌ഷനാണിത്.

ജംക്‌ഷന്റെ മധ്യത്തിൽ തന്നെ പഴയ വാട്ടർ ടാങ്കിനോടു ചേർന്നു കുറച്ചു സ്ഥലം ഒഴിഞ്ഞു കിടക്കുന്നുണ്ട്. ഇവിടെയാണു കെഎസ്ഇബി ട്രാൻസ്ഫോമറുള്ളത്. മാലിന്യ നിക്ഷേപവും ഇവിടെ തന്നെയാണ്. അഞ്ചു റോഡുകളിൽ നിന്നു വാഹനങ്ങൾ സദാ നേരവും കടന്നു വരുന്ന തിരക്കേറിയ ജംക്‌ഷനാണിത്. മലയാറ്റൂർ, മഞ്ഞപ്ര ഭാഗങ്ങളിൽ നിന്നു വരുന്ന ബസുകളുടെ ടൗണിലെ സ്റ്റോപ്പ് ഈ മാലിന്യ നിക്ഷേപ സ്ഥലത്തിനു മുന്നിൽ തന്നെയാണ്.

സർവകലാശാലയിൽ നിന്ന് ഇറങ്ങി വരുമ്പോൾ നേരെ മുന്നിൽ കാണുന്നത് മാലിന്യ കൂമ്പാരമാണ്. സ്കൂൾ വിദ്യാർഥികളടക്കമുള്ള അനേകം കാൽനട യാത്രക്കാർ ഇതിനു മുന്നിലൂടെ ദിവസേന സഞ്ചരിക്കുന്നു. അനേകം വ്യാപാര സ്ഥാപനങ്ങളും ഈ പരിസരത്തു പ്രവർത്തിക്കുന്നു. ഇതൊന്നും മാലിന്യം നിക്ഷേപിക്കുന്നവരെയും നടപടിയെടുക്കേണ്ട അധികൃതരെയും അലട്ടുന്നില്ല.