വന്യജീവികളുടെ ആക്രമണം തടയാന്‍ ഫലപ്രദമായി നടപടി സ്വീകരിക്കണമെന്ന് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി: വനത്തിന്‍റെ സമീപത്തുള്ള ജനവാസമേഖലകളില്‍ വനത്തില്‍ നിന്നും കാട്ടുമൃഗങ്ങള്‍ ഇറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നത് തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള മലയാറ്റൂര്‍, അയ്യംമ്പുഴ, മൂക്കന്നൂര്‍, കറുകുറ്റി ഗ്രാമപഞ്ചായത്തുകളിലെ ഇല്ലിത്തോട്, മുളംകുഴി, കാടപ്പാറ, നടുവട്ടം, നവോദയപുരം, പാണ്ടുപാറ, ചുള്ളി, പോര്‍ക്കുന്ന് പാറ, ഒലിവേലി, വെള്ളപ്പാറ, എടലക്കാട്, മാവേലിമറ്റം, ഏഴാറ്റുമുഖം, തുടങ്ങിയ പ്രദേശങ്ങളില്‍ കാട്ടുമൃഗങ്ങളുടെ ശല്യം വ്യാപകമാണ്.

പന്നി, കുരങ്ങ്, പുലി, ആന, തുടങ്ങിയ മൃഗങ്ങള്‍ കാട്ടില്‍ നിന്ന് നാട്ടിലേയ്ക്ക് ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചുകൊണ്ടിരിക്കുന്നു. രാത്രിയിലാണ് മൃഗങ്ങള്‍ ഏറെയും നാട്ടിലേയ്ക്ക് ഇറങ്ങുന്നത്. വനത്തിന് സമീപത്ത് താമസിക്കുന്നവരെല്ലാം മൃഗങ്ങളെ ഭയന്നാണ് കഴിയുന്നത്.സന്ധ്യയായല്‍ പിന്നെ മനുഷ്യര്‍ക്ക് പുറത്ത് ഇറങ്ങാന്‍ കഴിയില്ല. റോഡുകളില്‍ എല്ലാം കാട്ടുപന്നികളുടെ വിളയാട്ടമാണ്.

വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ വനാതിര്‍ത്തിയില്‍ വൈദ്യുതി കമ്പിവേലികള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയെന്നും പ്രവര്‍ത്തനക്ഷമമല്ല. വൈദ്യുതിവേലികള്‍ ഒരിക്കല്‍ സ്ഥാപിച്ചുകഴിഞ്ഞാല്‍ പിന്നെ വനംവകുപ്പ് തിരിഞ്ഞുനോക്കാറില്ല. വൈദ്യുതി വേലികളില്‍ കാട്ടുവള്ളികള്‍ കയറി നിറഞ്ഞിരിക്കുകയാണ്. കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങി കൃഷി നശിപ്പിച്ചാല്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നിയമമുണ്ടെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വേണ്ടത്ര താല്പര്യം എടുക്കാറില്ല. നഷ്ടപരിഹാരതുക യഥാർഥനഷ്ടത്തിന്‍റെ നാലിലൊന്നുപോലും വരില്ല. വേനലായാല്‍ കാട്ടാന ഉള്‍പ്പെടെയുള്ള മൃഗങ്ങളുടെ ശല്ല്യം രൂക്ഷമാകും.

കാട്ടുമൃഗങ്ങള്‍ നാട്ടിലേയ്ക്ക് ഇറങ്ങുന്നത് പൂര്‍ണ്ണമായും തടയാന്‍ വേണ്ട നടപടികള്‍ വനംവകുപ്പ് സ്വീകരിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗം ആവശ്യപ്പെട്ടു. വനത്തിന് വെളിയില്‍ സ്വന്തം മണ്ണില്‍ ജീവിക്കുന്ന മനുഷ്യരുടെ അവകാശങ്ങള്‍ ഹനിക്കാന്‍ ഇടവരരുതെന്നും യോഗം ആവശ്യപ്പെട്ടു.
ഭരണസമിതിയോഗത്തില്‍ ടി. എം. വർഗീസ് ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചു. സിജു ഈരാളി പിന്‍താങ്ങി. പ്രസിഡന്റ് പി. ടി. പോള്‍ അധ്യക്ഷത വഹിച്ചു.