ആ ചിലങ്കൾ വീണ്ടുമണിയാം..പ്രായം ഒരു തടസമല്ല

 

മറവിയിലെ ചിലങ്കനാദത്തെ വീണ്ടും കേൾപ്പിക്കുകയാണ് കാലടി ശ്രീ ശങ്കര സ്ക്കൂൾ ഓഫ് ഡാൻസ്. ഒരിക്കൽ അഴിച്ചുവച്ച ചിലങ്കകൾ അരങ്ങിനെ താളനിബദ്ധമാക്കുന്നു.കലയ്ക്ക് പ്രായം ഒരു തടസമല്ല. അർപ്പണമാണ് വേണ്ടത്. ചെറുപ്പത്തിൽ നൃത്തം പഠിച്ച് പിന്നീട് നിർത്തേണ്ടി വന്നവർക്കും വിവാഹശേഷം നൃത്തം തുടരാൻ ആഗ്രഹമുളളവർക്കും അവസരമൊരുക്കുകയാണ്  ശ്രീ ശങ്കര സ്ക്കൂൾ ഓഫ് ഡാൻസ്. ഇതിനകം നിരവധി വീട്ടമ്മമാരും ഉദ്യോഗസ്ഥകളും ഇവിടെ വിജയകരമായി പരിശീലനം പൂർത്തിയാക്കി.

2013 ലാണ് ഇവർക്കുളള പരിശീലന പരിപാടി ആരംഭിച്ചത്. തുടക്കത്തിൽ കുറച്ച് പേരാണ് എത്തിയിരുന്നെങ്കിലും പിന്നീട് പഠിക്കാനെത്തിയവരുടെ എണ്ണവും വർധിച്ചു. ആദ്യമൊക്കെ പലർക്കും മടിയായിരുന്നു. മറ്റുളളവർ എന്ത് ചിന്തിക്കുമെന്നായിരുന്നു നർത്തകിമാർക്ക്. എന്നാൽ വീട്ടുകാരുടെയും മക്കളുടെയും മറ്റും പിന്തുണ കിട്ടിയപ്പോൾ എല്ലാവരും ഉഷാറായി. ദൂരദർശൻ ഐസിസിആർ കലാകാരിയും പ്രശസ്ത മോഹിനിയാട്ടം നർത്തകിയുമായ സുധാ പീതാംബരനാണ് പരിശീലനത്തിന് നേതൃത്വം നല്കുന്നത്.

ആശങ്കയെല്ലാം മാറ്റി ചിട്ടയോടെ പഠനം. രണ്ട് വർഷത്തെ പരിശീലത്തോടെ ഇവരെ ആരങ്ങേറ്റത്തിന് ഒരുക്കിയെടുക്കും. ആഴ്ചയിൽ ഒരു ദിവസമാണ് ക്ലാസ്. പല ഭാവങ്ങളും വഴങ്ങാൻ ബുദ്ധിമുട്ടുണ്ടായെങ്കിലും അതെല്ലാം മാറ്റിയെടുത്തു. ഇന്ന് മറ്റ് ഏത് നർത്തകികളെപ്പോലെ ഇവർ വേദികൾ കീഴടക്കുന്നു. ”പരിശീലനത്തിന് എത്തിച്ചേരുന്നവർ വലിയ ആഹ്ലാദത്തോടെയാണ് ക്ലാസ്സുകളെ കാണുന്നതെന്നും മുതിർന്നവർക്ക് നൃത്ത പരിശീലനം നല്കുമ്പോൾ ഗുരുവിനും അവാച്യമായ അനുഭൂതിയാണ് ലഭിക്കുന്നതെന്ന് സുധ പീതാംബരൻ പറയുന്നു” .

നാട്യ ശാസ്ത്ര വിദഗ്ദനായ ഡോ.സി.പി. ഉണ്ണികൃഷ്ണനും ഇവരെ പരിശീലിപ്പിക്കാറുണ്ട്. ”മാനസികവും ശാരീരികവുമായ പിരിമുറക്കത്തിന് ഈ പരിശീലന പരിപാടി വളരെ ഗുണം ചെയ്യുന്നുണ്ട്. രാഗതാളങ്ങൾ മസ്തിഷ്കത്തിൽ വലിയ മാറ്റമുണ്ടാക്കുന്നതാണ് ഉണർവിനും ആഹ്ലാദത്തിനും കാരണമെന്ന് പഠനങ്ങൾ തെളിയിച്ചിട്ട്. അതിനാൽ വീട്ടമ്മമാർക്കും ഉദ്യേഗസ്ഥർക്ക് ഇത് ഏറെ ഗുണം ചെയുന്നുവെന്ന് ഉണ്ണികൃഷ്ണൻ പറയുന്നു”.

പരിശീലനം നേടിയ മൂന്ന് ഉദ്യോഗസ്ഥകൾ കഴിഞ്ഞ ദിവസം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് നാട്യസമർപ്പണം നടത്തി. സൈക്ക്യാട്രിസ്റ്റും കഥ പറഞ്ഞ കഥ എന്ന സിനിമയിലെ ഗാന രചയിതാവുമായ ഡോ. ലക്ഷ്മി ഗുപ്തൻ, മാധ്യമപ്രവർത്തക ബോബി ജോബി, എസ് സിഎം.എസ്. പ്രഫ.സഞ്ജു ശ്രീധരൻ എന്നിവരാണ് നൃത്തത്തോടുളള തങ്ങളുടെ അഭിനിവേശം കൊണ്ടണ്ട് ആസ്വാദക മനം കീഴടിക്കിയത്.

“ആഴ്ചയിലെ ഒരു ദിവസത്തെ ക്ലാസ് കഴിയുമ്പോൾ അടുത്ത ക്ലാസിനായി ഞങ്ങൾ കാത്തിരിക്കുകയാണെ് വലിയൊരു മാനസിക ഉല്ലാസമാണ് നൃത്ത പരിശീലനം കൊണ്ട് ലഭിക്കുന്നുത്. ചെറുപ്പത്തിൽ നൃത്തം പഠിക്കുവാൻ കഴിയാതെ വന്നവർക്ക് ഇപ്പോൾ നൃത്ത പരിശീലനത്തിന് അവസരം ലഭിച്ചത് വലിയൊരു അനുഗ്രഹമാണ്. പല പ്രാവശ്യവും പിന്മാറണമെന്ന് തോന്നിയെങ്കിലും ഗുരുവിന്‍റെ പ്രോത്സാഹനമാണ് പരിശീലനം തുടരുവാനും അരങ്ങേറ്റം നടത്തുവാനും സഹായിച്ചതെന്ന് ഈ നർത്തകിമാർ പറയുന്നു”.

ഇപ്പോൾ 5 ബാച്ചുകളിലായി നൂറോളം പേർ പരിശീലനം നേടി വരുന്നു.പരിശീലനം നേടിയവർ കൊല്ലൂർ മൂകാംബിക ക്ഷേത്രം, ഗുരുവായൂർ ക്ഷേത്രം,കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, അന്തർദ്ദേശീയ ശ്രീശങ്കര നൃത്ത – സംഗീതോത്സവ വേദി, ചോറ്റാനിക്കര ദേവി ക്ഷേത്രം എന്നിവടങ്ങളിൽ നൃത്താവതരണങ്ങൾ നടത്തിയിട്ടുണ്ട്