ജോമോൻ ജോസഫ്: കാലത്തിന്റെ കഥ പകർത്തിയയാൾ

ഒരു നോവൽ ജനകീയമാകുന്നത് അത് അനുവാചകരുടെ അനുഭവങ്ങളിലൂടെ സഞ്ചരിക്കുമ്പോഴാണ് അകാലത്തിൽപൊലിഞ്ഞ ജോമോൻ ജോസഫ് എടത്തലയുടെ മൂന്ന് ചുവരുകൾ എന്ന നോവൽ ചർച്ച ചെയ്യപ്പെടുന്നതും ഈ അനുഭവത്തിന് ചൂരും ചൂടും ഉള്ളതുകൊണ്ടാണ്.പ്രാദേശിക ചരിത്രാഖ്യായികയുടെ ഗണത്തിൽ നിന്നു കൊണ്ടുള്ള ഒരു സ്ത്രീപക്ഷ രചനയാണ് ഇത്.”ജാനകി” എന്ന വ്യക്തി യിലൂടെയാണ് കഥ പറയുന്നത് . കാത്തിരിപ്പിന്റെ ഏകാന്തമായ ജാനകിയുടെ ജീവിതത്തിലേക്ക് കടന്നുവന്നവർ, അവർ സമ്മാനിച്ച കാഴ്ചാനുഭവങ്ങൾ ഒരു ഗ്രാമത്തിന്റെ വളർച്ചയിലൂടെ അവതരിപ്പിച്ചിരിക്കുന്നു ജോമോൻ ജോസഫ്.താൻ നിന്ന നിലപാട് തറയിലൂടെ,കണ്ട അറിവുകളും കേട്ടറിവുകളും പകർന്ന വഴിയിലൂടെ കാലത്തിൻറെ കഥ പറഞ്ഞ ഈ പുസ്തകം ഖസാക്കിന്റെ ഇതിഹാസത്തോട് ചേർത്തുവച്ചു വായിക്കേണ്ട ഒന്നാണ്.

ജോമോൻ ജോസഫിന്റെ ശ്രദ്ധേയമായ മറ്റൊരു പുസ്തകമാണ് അഫ്ഗാനിസ്ഥാൻ ഒരു അപകടകരമായ യാത്ര.നിരവധി യാത്രാവിവരണങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്.എന്നാൽ അസാധാരണമായ ജീവിതത്തിലൂടെ കടന്നുപോകുന്ന ഒരു രാജ്യത്തിന്റെ അപായ രേഖകളിലൂടെ നടന്ന് തയ്യാറാക്കിയ യാത്രാവിവരണം വെറുതെ വായിച്ചുപോകാവുന്ന ഒന്നല്ല. അഫ്ഗാനിസ്ഥാനിലെ സങ്കീർണ്ണതകൾ പുസ്തകത്തിലുണ്ട് – സംഘർഷഭരിതമായ ജീവിതത്തിന്റെ നേർക്കാഴ്ചകൾ പകരുന്നതോടൊപ്പം അവരുടെ നിലനിൽപ്പിന്റേയും അതിജീവനത്തിന്റേയും പോരാട്ടം ഗ്രന്ഥകാരൻ വരച്ച് കാട്ടുന്നു.

അതിവേഗം വളരുന്ന ലോകം നഗരങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനം അലങ്കരിക്കുന്ന കാബൂൾ, താലിബാന്റെ വളർച്ച ,വിദേശികളുടെ ശവപ്പറമ്പ് ,മോഷ്ടിക്കപ്പെട്ട ചരിത്ര ശകലങ്ങൾ ഇങ്ങനെ അത്യന്തം അത്ഭുതാവഹമായ സങ്കേതങ്ങളിലൂടെ ഏകാന്ത യാത്ര കൂടിയാണ് ഈ പുസ്തകം.
യാത്രാവിവരണത്തിൽ അനാവശ്യമായ ഒരു ഭീകരതയുടെ വർത്തമാനം സന്നിവേശിപ്പിച്ച് വായനക്കാരനെ വഴിതെറ്റിക്കാൻ ശ്രമിച്ചിട്ടില്ല എന്നതാണ് എടുത്തുപറയേണ്ട മേന്മ.

കേരളത്തിൻറെ ചുമതലയുള്ള ശ്രീലങ്കൻ സ്ഥാനപതിയായി സേവനമനുഷ്ഠിക്കെ കഴിഞ്ഞദിവസം മരണമടഞ്ഞ ജോമോൻ ജോസഫിന്റേതായി രണ്ട് ഇംഗ്ലീഷ് പുസ്തകങ്ങൾ കൂടിയുണ്ട്. സിഎസ്ആർ ബിസിനസ് റേസിസം , ശ്രീലങ്ക പോസ്റ്റ് കോൺഫ്ലിക്ട് വോയ്സ്സ് എൽടിടിഇ.മരണം ജോമോൻ ജോസഫിനെ അടർത്തിയെടുത്തില്ലായിരുന്നെങ്കിൽ ആ തൂലികയിൽ നിന്നും കനപ്പെട്ട രചനകൾ ഇനിയും പിറവിയെടുത്തേനെ.