കാലടിപ്പാലത്തിൽ വിള്ളൽ പേരിന് സിമന്‍റും ടാറും ഇട്ട് അധികൃതരുടെ തടിതപ്പൽ

കാലടി: കാലടി പാലത്തിൽ രൂപപ്പെട്ട വിളളലുകൾ താത്കാലികമായി അടച്ച് അധികൃതർ തടി തപ്പുന്നു.പാലത്തിന്‍റെ കാലടിഭാഗത്തും താന്നിപ്പുഴ ഭാഗത്തുമാണ് വിളളലുകൾ രൂപപ്പെട്ടിരുന്നത്. സ്ഥിരമായി ഇവിടെയാണ് വിളളലുകൾ ഉണ്ടാകുന്നത്. വിളളലുകൾവലുതായി പാലത്തിലൂടെയുളള യാത്ര ദുസഹമാകുമ്പോൾ സിമന്‍റും, ടാറും ഉപയോഗിച്ച് മൂടുകയാണ് അധികൃതർ ചെയ്യുന്നത്. വ്യാഴാഴ്ച്ച വൈകീട്ടും ഇത്തരം നിർമാണപ്രവർത്തനം നടന്നു. ഇത് നാട്ടുകാരിൽ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.

ശാസ്ത്രീയമായി വിളളലുകൾ അടക്കാതെ പേരിനുമാത്രം സിമന്‍റും,ടാറും ഉപയോഗിച്ചാണ് വിളളലുകൾ അടച്ചത്.കുറച്ച് ദിവസത്തിനുളളിൽ ഇത് അടർന്ന് പോകുകയും വീണ്ടും വിളളലുകൾ രുപപ്പെടുകയും ചെയ്യും. വാഹനങ്ങൾ പോകുമ്പോൾ പാലത്തിന് വിറയലുള്ളതിനാലാണ് സിമന്‍റ് ടാറും ഇളകിപ്പോകുന്നത്.

2012 ഫെബ്രുവരി 15 ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പുതിയ പാലത്തിനും ബൈപ്പാസ്റോഡിനുമായി 42 കോടി അനുവദിച്ചതാണ്. എന്നാൽ രാഷ്ട്രീയക്കാരുടെ തർക്കങ്ങൾ
മൂലം യാതൊരു പ്രവർത്തനവും ഇവിടെ നടന്നിട്ടില്ല. ദിവസം ചെല്ലുന്തോറും പാലത്തിന്‍റെ ബലക്ഷയവും വർധിച്ചു കൊണ്ടിരിക്കുകയാണ്.ഏതാനും വർഷങ്ങൾക്ക് മുൻപ് പാലത്തിന്‍റെ സ്ലാബ് അടർന്നു വീണിരുന്നു. അന്ന് ദിവസങ്ങളോളം പാലത്തിലൂടെയുളള ഗതാഗതം നിർത്തിവച്ചാണ് പാലം ബലപ്പെടുത്തിയത്.

കഴിഞ്ഞ ഫെബ്രുവരിയിൽ പാലത്തിന്‍റെയും ബൈപ്പാസിനുമുളള സ്ഥലം അളന്ന് തിരിക്കൽ ആരംഭിച്ചിരുന്നു.എന്നാൽ അതും നിലച്ച നിലയിലാണ്. വെള്ളപ്പൊക്കത്തെത്തുടർന്നുള്ള സാമ്പത്തീക പ്രതിസന്ധി സമാന്തരപാലത്തിന്‍റെ ബൈപ്പാസിന്‍റെയും പ്രവർത്തികളെ ബാധിക്കുമെന്ന ആശങ്ക ജനങ്ങളിൽ ശക്തമാണ്. നിലവിലെ പാലത്തിന്‍റെ ബലക്ഷയം നാൾക്കുനാൾ വർധിച്ചു വരുകയാണ്. കാലടിയിലെ ഗതാഗതകുരുക്ക് പരിഹരിക്കാനാകാതെ തുടരുകയാണ്. ഏറെ പ്രതീക്ഷയോടെ തുടങ്ങിയ സ്ഥലം അളന്ന് തിരിക്കൽ നിലച്ചതോടെ ഒരു ഇടവേളക്ക് ശേഷം പാലത്തിനു വേണ്ടി സമരം തുടങ്ങേണ്ട സാഹചര്യമാണ്.