ഡ്യുട്ടിഫ്രി ഷോപ്പിൽ നിന്നും മദ്യം വാങ്ങി വിൽപ്പന : എയർലൈൻസ് ജീവനക്കാരനെ പോലീസ് പിടികൂടി

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിലെ ഡ്യുട്ടിഫ്രി ഷോപ്പിൽ നിന്നും അനധികൃതമായി മദ്യം വാങ്ങി വിൽപ്പന നടത്തുവാൻ ശ്രമിച്ച എയർലൈൻസ് ജീവനക്കാരനെ നെടുമ്പാശ്ശേരി പോലീസ് പിടികൂടി. ഒമാൻ എയർലൈൻസിലെ റാമ്പ് അസിസ്റ്റന്റായി ജോലി ചെയുന്ന കോഴിക്കോട് സ്വദേശി അഷറഫ് (47) നെയാണ് പോലീസ് പിടികൂടിയത്..മൂന്ന് ലിറ്റർ മദ്യം ഇയാളുടെ കൈവശം ഉണ്ടായിരുന്നു.

വിദേശ രാജ്യങ്ങളിൽ നിന്നും ഒമാൻ എയർലൈൻസ് വിമാനത്തിൽ വരുന്ന യാത്രക്കാരിൽ മദ്യം വാങ്ങാത്ത യാത്രക്കാരുടെ പാസ്‌പോർട്ട് ഉപയോഗിച്ചാണ് അഷറഫ് ഡ്യൂട്ടിഫ്രി ഷോപ്പിൽ നിന്നും മദ്യം വാങ്ങുന്നത്. ഇത്തരത്തിൽ അഷറഫ് അനധികൃതമായി മദ്യം വർഷങ്ങളായി വാങ്ങി മറിച്ച് വിൽക്കുന്നതായി വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു.

വിമാന താവളത്തിലെ ഡ്യൂട്ടി ഫ്രിയിൽ നിന്ന് വാങ്ങുന്ന മദ്യം ലിറ്ററിന് ആയിരം രൂപ ലാഭത്തിനാണ് വിൽപ്പന നടത്തുന്നത്. ഇത്തരത്തിൽ ഡ്യുട്ടിഫ്രി ഷോപ്പിൽ നിന്നും മദ്യം വാങ്ങി മറിച്ച് വിൽക്കുന്ന വൻ റാക്കറ്റ് തന്നെ കൊച്ചി അന്താരാഷ്ട്ര വിമാന താവളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. എയർലൈൻസ് ജീവനക്കാരും എയർപോർട്ട് ജീവനക്കാരും അടക്കം നിരവധി പേരാണ് ഇതിൽ കണ്ണിയായിട്ടുള്ളത്.