സമരം സര്‍ക്കാരിന്‍റെ വീഴ്ച മറച്ച് വയ്ക്കാന്‍ : റോജി എം. ജോണ്‍ എംഎല്‍എ

അങ്കമാലി: പ്രളയബാധിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം കൊടുക്കുന്നതിലെ സംസ്ഥാന സര്‍ക്കാരിന്‍റെ വീഴ്ച മറച്ച് വയ്ക്കാനാണ് സിപിഎം തന്‍റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുന്നതെന്ന് റോജി എം. ജോണ്‍ എംഎല്‍എ. പതിനായിരം രൂപ പോലും ഇതുവരെ പ്രളയബാധിതര്‍ക്ക് കൊടുത്തു തീര്‍ത്തിട്ടില്ല. തകര്‍ന്ന റോഡുകള്‍ നന്നാക്കാന്‍ നാമമാത്രമായ തുകയാണ് അനുവദിച്ചിരിക്കുന്നത്.

അങ്കമാലി മണ്ഡലത്തില്‍ തകര്‍ന്ന റോഡുകള്‍ നന്നാക്കാന്‍ 5.5 കോടി രൂപയ്ക്കാണ് എസ്റ്റിമേറ്റ് സര്‍ക്കാരില്‍ സമര്‍പ്പിച്ചത്. എന്നാല്‍ 3.7 കോടി മാത്രമേ അനുവദിച്ചിട്ടുള്ളൂ. അതും ഒരാഴ്ച മുന്‍പ് മാത്രമാണ് ഭരണാനുമതി ലഭ്യമായത്. ഇപ്പോള്‍ ഈ പ്രവര്‍ത്തികള്‍ ടെണ്ടര്‍ ചെയ്തിരിക്കുകയാണ്. നേരത്തെ തുക അനുവദിച്ചിരിക്കുന്ന റോഡുകളുടെ റീടാറിങ് ജോലികള്‍ മഴ പൂര്‍ണമായിട്ടു മാറിയതിന് ശേഷം ചെയ്താല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് തുക അനുവദിക്കാന്‍ സംസ്ഥാനത്ത് മുഴുവനും ഉണ്ടായ കാലതാമസമാണ് റോഡുകള്‍ ഇത്രയേറെ തകരാന്‍ കാരണമായത്.

ജില്ലയുടെ ചുമതലയുള്ള മന്ത്രിയെ വരെ അങ്കമാലിയില്‍ കൊണ്ട് വന്ന് റോഡുകളുടെ അവസ്ഥ നേരിട്ട് ബോധ്യപ്പെടുത്തിയതാണ്. എന്നിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. സര്‍ക്കാരിന്‍റെ പരാജയം മറച്ച് വയ്ക്കാനും, പ്രളയബാധിതരുടെ പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനും തനിക്കെതിരെ സമരം ചെയ്യുന്നത് അങ്കമാലിയില്‍ കഴിഞ്ഞ കുറച്ച് നാളായി സിപിഎം ശീലമാക്കിയിരിക്കുകയാണെന്ന് റോജി എം. ജോണ്‍ എംഎല്‍എ കൂട്ടിച്ചേര്‍ത്തു.