ഗതകാല പ്രൗഡി തിരിച്ചു പിടിച്ച് ചെങ്ങൽ തോട് : കയ്യേറ്റങ്ങൾ തോട് തന്നെ ഇല്ലാതാക്കി

കാലടി: പ്രളയത്തിനുശേഷം ഗതകാല പ്രൗഡി തിരിച്ചു പിടിച്ചിരിക്കുകയാണ് ചെങ്ങൽ തോട്.ചെങ്ങൽ തോട്ടിലെ കയ്യേറ്റങ്ങൾ തോട് തന്നെ ഇല്ലാതാക്കി. ചെങ്ങൽ തോട് കയ്യേറി നടത്തിയിരുന്ന നിർമാണങ്ങളും കൃഷികളും ശക്തമായ പ്രളയത്തിൽ എടുത്തുപോയി. കാഞ്ഞൂർ ചെങ്ങൽ പാലത്തിനു സമീപത്തു നിന്നുമാണ് തോട് ആരംഭിക്കുന്നത്.

വർഷങ്ങൾക്ക് മുമ്പ് വരെ ഒരു പുഴയുടെ അത്രയും തന്നെ വീതിയിലാണ് തോട് ഒഴുകിയിരുന്നത്. എന്നാൽ തോടിന്‍റെ ഇരു വശങ്ങളും ആളുകൾ കയ്യേറിയതോടെ തോട് തന്നെ ഇല്ലാതായി മാറുകയായിരുന്നു. തോട് കയ്യേറി പലരും കൃഷിയും ആരംഭിച്ചു. റബ്ബർ ഉൾപ്പെടെയുള്ള മരങ്ങളാണ് തോട് കയ്യേറി വച്ചിരുന്നത്. തോടിന്‍റെ ഇരുകരകളിലുമായി ഏക്കറുകണക്കിന് സ്ഥലമാണ് ഇത്തരത്തിൽ ആളുകൾ കയ്യേറിയിരുന്നത്. കയ്യേറ്റം മൂലം തോട് ശോചനീയമാവുകയും ചെയ്തിരുന്നു.

സ്വാഭാവികമായ നീരൊഴുക്ക് തടസ്സപ്പെടുന്ന വിധത്തിലാണ് കയ്യേറ്റങ്ങൾ അത്രയും. വെള്ളപ്പൊക്കത്തിൽ തോട് തന്നെ ആ കയ്യേറ്റങ്ങൾ ഇല്ലാതാക്കിയിരിക്കുകയാണ്. കയ്യേറ്റങ്ങളല്ലാം നികന്ന് തോട് വീതിയേറിയതായി. ഇപ്പോൾ തടസ്സമില്ലാതെ വെള്ളം ഒഴുകിപോകും. തോട് ഇതുപോലെ തന്നെ നിലനിർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത് തോട് അടച്ചിരിക്കുകയാണ്. ഇതാണ് ഇവിടെ കനത്ത വെള്ളപ്പൊക്കം ഉണ്ടാകാൻ കാരണവും.

കാഞ്ഞൂർ, നെടുമ്പാശരി, ചെങ്ങമനാട് പഞ്ചായത്തുകൾക്കും അങ്കമാലി നഗരസഭയ്ക്കും ജലക്ഷാമം ഇല്ലാതാക്കുന്ന തോടുകൂടിയാണിത്. ചെങ്ങൽതോടിന്‍റെ പുനരുദ്ധാരണം സംബന്ധിച്ച് നിരവധിയായ സമരങ്ങളും ചർച്ചകളും നടന്നു വരികയാണ്. വിവിധ കോണുകളിൽ പ്രതിഷേധം ശക്തമാണ്. തോടിന്‍റെ സ്വാഭാവിക ഗതി നിലനിർത്തേണ്ടത് വിമാനത്താവളത്തിന്‍റെ തടസമില്ലാത്ത പ്രവർത്തനത്തിനും അത്യാവശ്യമാണെന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. പ്രളയത്തിന്‍റെ പശ്ചാത്താലത്തിൽ സിയാലും അനുകൂല നിലപാടെടുക്കുമന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

ചെങ്ങൽ തോടിന്‍റെ അതിന്‍റെ ഗതകാല പ്രൗഡിയിൽ നിലനിർത്തണെമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. കയ്യേറ്റങ്ങൾ തോട് തന്നെ നീക്കം ചെയ്തിട്ടുണ്ട്. വീണ്ടും കയ്യേറ്റങ്ങൾ ഉണ്ടാകും മുൻപ് അധികൃതരു ഭാഗത്ത് നിന്ന് അനൂകൂല നടപടിക്കു വേണ്ടി പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ