കാലടി സർവകലാശാലയിൽ കലാവിദ്യാർഥികുടെ സമരം ഒത്തുതീര്‍പ്പായികാലടി: കാലടി സർവകലാശാലയിൽ പ്രളയത്തില്‍ തകര്‍ന്ന കെട്ടിടങ്ങൾക്കു പകരം ക്ലാസ്സ്മുറികള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിഎഫ്എ, എംഎഫ്എ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരം ഒത്തുതീര്‍പ്പായി. പ്രൊ.വൈസ് ചാന്‍സലറുടെ നേതൃത്വത്തില്‍ സിന്‍ഡിക്കേറ്റ് ഹാളില്‍ നടന്ന ചര്‍ച്ചയെതുടര്‍ന്ന് 10 ദിവസമായി നടന്നുവരുന്ന സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.

വിദ്യാർഥികൾക്ക് കനകധാര ഓഡിറ്റോറിയത്തിലും അഡ്മിനിസ്ട്രേറ്റിവ് ഓഫീസിന്‍റെ മുകളിലും പകരം സംവിധാനം ഒരു‌ക്കുമെന്നും പ്രളയത്തിൽ വിദ്യാർഥികൾക്കു നഷ്ടപ്പെട്ട പഠനോപകരണങ്ങൾക്ക പകരം യുണിവേഴ്സ്റ്റി യൂണിയൻ ഇടപെട്ട് പഠനോപകരണങ്ങൾ നൽകാമെന്നും അറിയച്ചതോടെ സമരം അവസാനിക്കുകയായിരുന്നു. തുടർന്ന് യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍പേഴ്സണ്‍ അഞ്ജുന സമരപന്തലിലെത്തി നിരാഹാരമനുഷ്ഠിച്ചു വന്ന മേഘ അനിലിനു നാരങ്ങാനീര് നല്‍കി സമരം അവസാനിപ്പിച്ചു.

സംഗീത,നൃത്ത വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തോട്ചേര്‍ന്ന് നടന്നുവരുന്ന രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 3 മാസത്തിനകം യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ച് ബിഎഫ്എ, എംഎഫ്എ കോഴ്സുകള്‍ക്കായി കൈമാറും.അതുവരെ താത്ക്കാലീകമായി കനകധാര ഓഡിറ്റോറിയം,അഡ്മിനിസ്ട്രേഷന്‍ ബ്ലോക്കിന്‍റെ മുകള്‍നില എന്നിവ പൂര്‍ണ്ണമായും ഫൈന്‍ ആര്‍ട്സ്ഡിപ്പാര്‍ട്ട്മെന്‍റിന് വിട്ടുനല്‍കും.ശോചനീയമായ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഫൈന്‍ ആര്‍ട്സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ദുരവസ്ഥ മൂന്ന് മാസത്തിനകം അവസാനിക്കുമെന്ന യൂണിവേഴ്സിറ്റി അധികൃതരുടെ വാക്ക് തത്ക്കാലം മുഖവിലക്കെടുക്കുന്നതായുംവാഗ്ദാനം ലംഘിക്കുന്ന പക്ഷം കേരളമെമ്പാടുമുള്ള കലാവിദ്യാർഥി കളേയും ശില്പികളേയും ചിത്രകാരന്മാരേയും അണിനിരത്തിക്കൊണ്ട് പോരാട്ടം പുനരാരംഭിക്കുമെന്ന് സമരസമിതി കണ്‍വീനറും എംഎഫ്എ വിദ്യാര്‍ഥിയുമായ യദുകൃഷ്ണന്‍പറഞ്ഞു.

ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് പിവിസി കെ.എസ് രവികുമാര്‍ , രജിസ്ട്രാര്‍ ടി.പി.രവീന്ദ്രന്‍, ഡിഎസ്എസ് ഡോ. ഉണ്ണികൃഷ്ണന്‍, ഫൈന്‍ ആര്‍ട്സ് വിഭാഗം അധ്യക്ഷന്‍ സാജു തുരുത്തില്‍ എന്നിവരും യൂണിയൻ ഭാരവാഹികളായ അഞ്ജുന, ആതിര ചന്ദ്രന്‍, നിധിന്‍, യദുകൃഷ്ണന്‍, അമിത്ത്, ആല്‍ബിന്‍, ആര്യ പോള്‍, അനുശ്രീഎന്നിവര്‍ പങ്കെടുത്തു.