പ്രളയബാധിതര്‍ക്കു സഹായ വിതരണവും മെഡിക്കല്‍ ക്യാമ്പും നടത്തികാഞ്ഞൂര്‍: ലയണ്‍സ് ക്ലബ് ഓഫ് കൊച്ചിന്‍ ഗ്രേറ്റര്‍, സിഎല്‍സി കിഴക്കുംഭാഗം യൂണിറ്റിന്റെ സഹകരണത്തോടെ കാഞ്ഞൂര്‍, ശ്രീമൂലനഗരം പഞ്ചായത്തുകളിലെ പ്രളയബാധിതര്‍ക്കു ദുരിതാശ്വാസ സഹായ വിതരണവും മെഡിക്കല്‍ ക്യാമ്പും നടത്തി. കിഴക്കുംഭാഗം ഉണ്ണിമിശിഹാ പള്ളി പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ കാലടി പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജി മര്‍ക്കോസ് ഉദ്ഘാടനം നിര്‍വഹിച്ചു.

വിവിധ ഗൃഹോപകരണങ്ങളാണ് ഇരു പഞ്ചായത്തുകളിലെയും അര്‍ഹരായവര്‍ക്കു വിതരണം ചെയ്തത്. ലയണ്‍സ് ക്ലബ് ഓഫ് കൊച്ചിന്‍ ഗ്രേറ്റര്‍ പ്രസിഡന്റ് സാജു പീറ്റര്‍ അധ്യക്ഷത വഹിച്ചു.
പ്രളയദിനങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു സജീവ നേതൃത്വം നല്‍കിയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജി മര്‍ക്കോസിനെ ഫാ. സെബാസ്റ്റ്യന്‍ പൈനാടത്ത് പൊന്നാടയണിയിച്ച് ആദരിച്ചു. വിവിധ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ പതിനഞ്ചു പേര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.