ക്യാമ്പില്‍ നിന്ന് ‘മോനെ’ യെന്ന വിളി രാഹുല്‍ഗാന്ധി കേട്ടു. മേരിക്ക് ഇനി പശു സ്വന്തം

നെടുമ്പാശ്ശേരി: മേരിയുടെ നൊമ്പരത്തിന് പരിഹാരമായി. പ്രളയത്തില്‍ നഷ്ടപ്പെട്ട പശുവിന് പകരം ഇനി രാഹുല്‍ ഗാന്ധി സമ്മാനിച്ച പശു മേരിക്ക് സ്വന്തം. നെടുമ്പാശ്ശേരി പഞ്ചായത്ത് 15ാം വാര്‍ഡില്‍ മൂഴിയാല്‍ മാളിയേക്കല്‍ വീട്ടില്‍ മേരി ഒൗസേഫിന് (65) രാഹുല്‍ഗാന്ധി പ്രഖ്യാപിച്ച പശുവിനെ ബുധനാഴ്ച അന്‍വര്‍സാദത്ത് എം.എല്‍.എയുടെ നേതൃത്വത്തില്‍ വീട്ടിലത്തെി സമ്മാനിച്ചു.

മഹാപ്രളയത്തില്‍ മേരിയുടെ വീട്ടിലെ സര്‍വ്വവും നഷ്ടപ്പെട്ടിരുന്നു. മുറിയിലെ കട്ടിലില്‍ വരെ വെള്ളം കയറിയതോടെയാണ് മേരി ക്യാമ്പിലേക്ക് മാറിയത്. എന്നാല്‍ തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന പശുവിനെ അഴിച്ചിടാന്‍ സാധിക്കാതിരുന്നതിനാല്‍ ചത്തു. ക്യാമ്പിലത്തെിയപ്പോള്‍ ഊണും, ഉറക്കവുമില്ലാതെ പശു നഷ്ടപ്പെട്ട ദു:ഖത്തിലായിരുന്നു ആ വയോധിക. അതിനിടെയാണ് രാഹുല്‍ ഗാന്ധി അസീസിയിലെ ക്യാമ്പ് സന്ദര്‍ശിച്ചത്.

ക്യാമ്പില്‍ നിന്ന് രാഹുല്‍ മടങ്ങുമ്പോള്‍ ഏറ്റവും പിറകിലെ ബെഞ്ചിലായിരുന്നു മേരി. യാദൃശ്ചികയായിരുന്നു ‘മോനെ’ എന്ന് മേരി രാഹുലിനെ വിളിച്ചത്. പൊടുന്നനെ തിരിഞ്ഞ് നോക്കിയ രാഹുല്‍ കരഞ്ഞ്കലങ്ങിയ കണ്ണും, തകര്‍ന്ന മനസുമായി മേരി എന്തോ പറയുന്നത് കണ്ടു. അതോടെ രാഹുല്‍ മേരിയുടെ അടുത്തത്തെുകയായിരുന്നു. പശു നഷ്ടപ്പെട്ട നൊമ്പരമാണ് ഹൃദയഭേദകമായി മേരി പങ്ക് വെച്ചത്. എങ്ങനെ പരിഹരിക്കുമെന്നറിയാതെ അല്‍പ്പ നിമിഷം രാഹുല്‍ അസ്വസ്ഥനായി. ഉടനെ തൊട്ടടുത്തുണ്ടായിരുന്ന അന്‍വര്‍സാദത്ത് എം.എല്‍.എയോട് മേരിക്ക് പശുവിനെ വാങ്ങി കൊടുക്കണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു.

രാഹുല്‍ ഗാന്ധി മടങ്ങിയ ശേഷം എം.എല്‍.എയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പശുവിനെ വാങ്ങി കൊടുക്കാന്‍ ആലോചന നടത്തി. അതിനിടെയാണ് മാധ്യമങ്ങളിലൂടെ സംഭവമറിഞ്ഞ പശുഫാം നടത്തിവരുന്ന യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ ആലത്തൂര്‍ പാര്‍ലമെന്‍റ് സെക്രട്ടറി അഭിലാഷ് പ്രഭാകര്‍ മേരിക്ക് പശുവിനെ നല്‍കാനുള്ള സന്നദ്ധത എം.എല്‍.എയെ അറിയിച്ചത്. കഴിഞ്ഞ ദിവസം അഭിലാഷും സുഹൃത്തുക്കളും മേരിയുടെ വീട്ടിലത്തെി സ്ഥിതി വിവരം അന്വേഷിച്ചു.

മേരിക്ക് ഒരു വയസുള്ള പശുവാണ് നഷ്ടപ്പെട്ടത്. എന്നാല്‍ ചെനയുള്ള രണ്ട് വയസുള്ള മുന്തിയ ഇനത്തില്‍പ്പെട്ട പശുവിനെ കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രളയത്തില്‍ സംസ്ഥാനത്തുടനീളം പശു നഷ്ടപ്പെട്ട പരമ്പരാഗത ക്ഷീരകര്‍ഷകര്‍ക്ക് പശുവിനെ നല്‍കാന്‍ അഭിലാഷിന്‍െറ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുള്ള ഫേസ്ബുക്ക് കൂട്ടായ്മ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. പശുവിനോടുള്ള സ്നേഹ രാഷ്ട്രീയം എന്ന പേരില്‍ 10 പശുക്കളെയാണ് ആദ്യഘട്ടം നല്‍കുന്നത്. കൂട്ടായ്മയില്‍ പി.ടി.തോമസ് എം.എല്‍.എയും അംഗമാണ്. പദ്ധതിയുടെ ഉദ്ഘാടന വേദിയുമായി ഇത്.

ബുധനാഴ്ച വൈകുന്നേരം അന്‍വര്‍സാദത്ത് എം.എല്‍.എയുടെ നേതൃത്വത്തില്‍ ബ്ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് ദിലീപ് കപ്രശ്ശേരി, നേതാക്കളായ എം.ജെ.ജോമി, സരള മോഹനന്‍, പി.വൈ.വര്‍ഗീസ്, എ.കെ.ധനേഷ്, അഭിലാഷ് പ്രഭാകര്‍, മേരി കോരത്, പി.വൈ.എല്‍ദോ, പി.കെ.മനോജ്, എന്‍.വി.അശോകന്‍ എന്നിവരാണ്  പശുവിനെ മേരിക്ക് സമ്മാനിച്ചത്. കണ്ണീരില്‍ കുതിര്‍ന്ന മനസോടെ രാഹുല്‍ ഗാന്ധിക്ക് ‘ആയിരമായിരം നന്ദി’എന്ന വാക്കോടെയാണ് മേരി പശവിനെ ഏറ്റ് വാങ്ങിയത്.