ദുരിതാസ്വാസ നിധിയിലേക്ക് കമ്മൽ നൽകി കല്യാണിഅങ്കമാലി: ദുരിതാസ്വാസ നിധിയിലേക്ക് കുട്ടികളുടെ സംഭാവന ആവശ്യപ്പെട്ടുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ സന്ദേശം സ്കൂൾ അസംബ്ലിയിൽ വായിച്ചപ്പോൾ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടാണ് അവൾ കയറി വന്നത്. ഉടൻ തന്നെ കമ്മൽ ഊരി സംഭാവനയായി നൽകുകയായിരുന്നു. നായത്തോട് മഹാകവി ജി. മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി ടി.എസ്. കല്യാണിയാണ് തന്‍റെ കമ്മൽ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകി മാതൃകയായത്.

കുട്ടിയുടെ തീരുമാനം എല്ലാവരെയും അത്ഭുതപ്പെടുത്തിയെന്ന് പ്രിൻസിപ്പൽ വി. പ്രദുഷയും , എച്ച്എം പി. ലീനയും പറഞ്ഞു. തന്‍റെ കമ്മൽ നൽകാൻ തയ്യാറാണെന്ന കാര്യം ക്ലാസ് ടീച്ചർ ജി.മിനിയോട് പറ‍യുമ്പോൾ ടീച്ചർക്ക് വീട്ടുകാർ അനുവദിക്കുമോ എന്ന ആശങ്കയായിരുന്നു മനസിൽ. എന്നാൽ ഇക്കാര്യം തന്‍റെ തീരുമാനമാണെന്നും അച്ഛൻ എതിർക്കില്ലന്ന് ഉറപ്പുണ്ടെന്നും പറഞ്ഞ് നിർബന്ധമായി കമ്മൽ ഊരി ഏൽപിക്കുകയായിരുന്നു. കല്യാണിയുടെ സ്നേഹപൂർവമായ നിർബന്ധത്തിനു മുന്നിൽ ഒരു എട്ടാംക്ലാസുകാരിയുടെ സഹായമനസ്ഥിതിയെ നിരുത്സാഹപ്പെടുത്തേണ്ടതില്ല എന്ന തീരുമാനത്തിലെത്തുകയായിരുന്നു എന്ന് സ്കൂളിലെ അധ്യാപകൻ രവികുമാർ പറഞ്ഞു.

കല്യാണിയെയും കുടുംബത്തെത്തയും അറിയാവുന്നതിനാൽ മറിച്ചൊന്നും പറയാതെ തന്നെ കമ്മൽ സ്വീകരിച്ചു. പഠനത്തിലും പാഠ്യേതര പ്രവർത്തനത്തിലും കല്യാണി മുന്നിലാണ്. കഴിഞ്ഞ സംസ്കൃതോത്സവത്തിൽ ജില്ലാതലത്തിൽ കവിത രചനക്ക് ഒന്നാം സ്ഥാനവും കുടുംബശ്രീ മിഷന്‍റെ ഗണിതോത്സവത്തിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനവും നേടിയിരുന്നു.

കമ്മൽ സംഭാവന നൽകിയ കാര്യം സ്കൂളിലെ അധ്യാപകർ പിതാവ് സജീഷിനെ അറിയിച്ചപ്പോൾ മകളുടെ തീരുമാനത്തിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് മാത്രമാണ് അറിയിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തിനു സമീപം ഹോട്ടൽ നടത്തുന്ന സജീഷ് വെള്ളപ്പൊക്കത്തിന്‍റെ ആദ്യ നാളുകളിൽ തന്നെ ദുരിതാശ്വാസ ക്യാംപുകളിൽ സജീവമായിരുന്നു. ചെത്തിക്കോട് കമ്യൂണിറ്റി ഹോളിലും മകൾ പഠിക്കുന്ന നായത്തോട് ജി. സ‌്കൂളിലും വെള്ളവും ഭക്ഷണ സാധനങ്ങളും എത്തിക്കാൻ മുന്നിലുണ്ടായിരുന്നു.

മഞ്ചേരി സ്വദേശിയായ സജീഷ് നാട്ടിലും പൊതുപ്രവർത്തന രംഗത്ത് സജീവമാണ്. മകൾ കമ്മൽ നൽകിയ കാര്യം അറിഞ്ഞപ്പോൾ അമ്മ ദീപ്തിക്കും സന്തോഷം. ദീപ്തി കരിയാട് അക്ഷയയിൽ ജീവനക്കാരിയാണ്. ഒന്നാം ക്ലാസുകാരൻ കാശിനാഥാണ് കുഞ്ഞനിയൻ.