ബാറിലെ അനധികൃത മദ്യവിൽപ്പന ചോദ്യം ചെയ്ത എക്സൈസ് ഉദ്യോഗസ്ഥനെ മാനേജർ മർദ്ദിച്ചുകാഞ്ഞൂർ:ചെങ്ങൽ വില്ലേജ് റിസോർട്ട് ബാറിലെ അനധികൃത മദ്യവിൽപ്പന ചോദ്യം ചെയ്ത എക്സൈസ് ഉദ്യോഗസ്ഥനെ മാനേജർ മർദ്ദിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ.എ നൈസാമിനാണ് മർദ്ദനമേറ്റത്. നൈസാമിനെ മറ്റൂർ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബാർ മാനേജർ ഷാജിക്കെതിരെ പോലീസ് കേസെടുത്തു.

ഒരു കേസന്വേഷണത്തിന്റെ ഭാഗമായി ആലുവായിൽ നിന്നും ഇല്ലിത്തോട്ടിലേക്ക് പോവുകയായിരുന്നു എക്സൈസ് സംഘം.ഹർത്താൽ ദിനമായ തിങ്കളാഴ്ച്ച ബാർ അടച്ച് പുറത്ത് വിൽപ്പന നടത്തുകയായിരുന്നു.ഇത് ചോദ്യം ചെയ്തതിനാണ് നൈസാമിനെ മാനേജർ മർദ്ദിച്ചത്. അവധി ദിനങ്ങളിൽ ഇവിടെ അനധികൃത മദ്യവിൽപ്പന ഉണ്ടെന്ന പരാതിയും ഉയർന്നു വന്നിട്ടുണ്ട്.

ലൈസൻസ് വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് ബാറിനെതിരെ എക്‌സൈസ് കേസെടുത്തിട്ടുണ്ട്.സംഭവത്തെ തുടർന്ന് ചൊവ്വാഴ്ച്ച ബാർ തുറന്നില്ല.ഷാജി ഒളിവിലാണെന്ന് കാലടി സി ഐ സജിമാർക്കോസ് പറഞ്ഞു.