പാറപ്പുറത്തെ പുഴതീരങ്ങൾ ഇപ്പോൽ ഗതകാല സ്മരണകൾ ഉണർത്തുന്നു

കാഞ്ഞൂർ പാറപ്പുറത്തെ പുഴതീരങ്ങൾ ഇപ്പോൽ പഴയ ഗതകാല സ്മരണകൾ ഉണർത്തുന്നു.ഒരു കാലത്ത് മണൽ തിട്ടകൽ കൊണ്ട് നിറഞ്ഞിരുന്ന പുഴതിരങ്ങൾ ആ പഴയകാലത്തേക്ക് തിരിച്ചുപോയിരിക്കുകയാണ് ഇപ്പോൾ.വെളളപ്പൊക്കം കഴിഞ്ഞപ്പോൾ വൻ മണൽ തിട്ടകൾ
രുപപ്പെട്ടിരിക്കുകയാണ്.നിരവധി പേരാണ് ഇന്ന് ഇത് കാണുവാൻ എത്തുന്നത്.കുട്ടികൾ കളിസ്ഥലവുമാക്കി ഇവിടം.

മംഗലത്തുകടവിലാണ് മണൽതിട്ട കൂടുതലായും രൂപപ്പെട്ടിരിക്കുന്നത്.കാലടി കാഞ്ഞൂർ വഴി ഒഴുകുന്ന പെരിയാർ ഇതുവഴിയാണ് ഒഴുകിപോകുന്നത്.പെരിയാറിന്റെ എതിർവശം ഒക്കൽ പഞ്ചായത്തിന്റെ ചേലാമറ്റം ഭാഗമാണ്.ഇവിടെ അതിപുരാതനമായ ആര്യൻപാറ എന്ന ഒരു വലിയ പാറയുണ്ട്. ഈ പാറയുടെ മുകളിലായി ചിമ്മാട്ടുപാറയും നടുവിൽ ഒരു ചെറിയ കിണറും ഉണ്ട്. ഈ പാറ ഇവിടെ ഇല്ലാതിരുന്നെങ്കിൽ ചേലാമറ്റം ഉണ്ടാകില്ലൊണ് പഴമക്കാർ പറയുന്നത്.

മണൽതിട്ടയുടെ സമീപമാണ് അതിപുരാതനമായ തിരുവലംഞ്ചുഴി നരസിംഹസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ ശിവരാത്രിയ്ക്കും, കർക്കിടവാവിനും ബലിതർപ്പണത്തിന് ധാരാളം ആളുകൾ വരുന്നുണ്ട്. കാലടി കാഞ്ഞൂർ വഴി തെക്കോട്ട് ഒഴുകി എത്തുന്ന പെരിയാർ ആര്യൻ പാറയിൽ തട്ടി തിരിഞ്ഞ് കിഴക്കോട്ടേക്കാണ് ഒഴുകുന്നത്. അതിനാൽ വർഷക്കാലത്ത് ഇവിടെ വെള്ളം തിരിഞ്ഞ് ഒഴുകുമ്പോൾ അധിഗർത്തത്തിൽ ചുഴികൾ അനുഭവപ്പെടുന്നു. ഇതുകൊണ്ടാണ് ഈ പ്രദേശത്തെ തിരുവലംഞ്ചുഴി എന്ന് അറിയപ്പെടുന്നതെന്ന് നാട്ടുകാർ പറയുന്നു.

കൂടാതെ പഴയ മംഗലത്ത് നായർ തറവാടിന്റെ ഒരു അയ്യപ്പക്ഷേത്രം സ്ഥിതിചെയ്തിരുന്ന പ്രദേശം കൂടിയാണിത്. പിന്നീട് ക്ഷേത്രം ക്ഷയിച്ചുപോയി. ഈ ഭൂമി കൈമാറി കൈമാറി വന്നപ്പോൾ ക്ഷേത്ര അവശിഷ്ടങ്ങൾ പെരിയാറിലേക്ക് തള്ളികളഞ്ഞു. ഈ ക്ഷേത്രം സ്ഥിതി ചെയ്തിരുന്ന ഭാഗത്ത് ഒരു കുളം ഉണ്ടായിരുന്നു. അത് പിന്നീട് പെരിയാറിനോട് ചേർന്നു വലിയ കുഴിയായി. ഈ കുഴിയിൽ അക്കാലത്ത് ചീങ്കണികൾ ഉണ്ടായിരുന്നതായി പറയുന്നുണ്ട്.ഇപ്പോഴും ഈ കുഴി ചീങ്കണിക്കുഴിയെന്നാണ് അറിയപ്പെടുന്നത്.ഇവിടെ ഇത്രയും മണൽ അടിഞ്ഞു കൂടിയിട്ടും ഈ ചീങ്കണിക്കുഴി പഴയപോലെ തന്നെ നിൽക്കുന്നത് അത്ഭുതമായ കാഴ്ചയാണ്.

ഒരു കാലത്ത് ലോറികളിൽ ഇവിടെ നിന്നും മണൽ ശേഖരിച്ചിരുന്നു.പിന്നീട് അത് ഇല്ലാതായി.  കാഞ്ഞൂർ പഞ്ചായത്തിലും സമീപപ്രദേശത്തുമുള്ള കുട്ടികൾക്കും, മുതിർന്നവർക്കും വൈകുന്നേരങ്ങളിൽ ഉല്ലാസത്തിനും, വിനോദത്തിനും മറ്റു സൗകര്യങ്ങൾ ഇല്ല. ഏകദേശം 5 ഏക്കർ മണൽപ്പുറമാണ് ഇപ്പോൾ ഇവിടെ രൂപപ്പെട്ടത്. ഇത് കാത്തുസൂക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ എത്തുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ചിലത് ഒരുക്കേണ്ടതുണ്ട്. പ്രധാനമായും വെളിച്ചം, ഇരിപ്പിടം, പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യം, ശുദ്ധജലം എന്നിവയാണ്. അടിയന്തിരമായി വെളിച്ചവും,ക്യാമറയും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.