പുതിയ റേഷൻ കാർഡ് അനുവദിച്ചപ്പോൾ ദരിദ്ര വൃദ്ധന് ലഭിച്ചത് വെളുത്ത കാർഡ്

 

കാലടി: പുതിയ റേഷൻ കാർഡ് അനുവദിച്ചപ്പോൾ ദരിദ്ര വൃദ്ധന് ലഭിച്ചത് സാമ്പത്തികമായി മുൻപന്തിയിൽ നിൽക്കുന്ന പൊതുവിഭാഗത്തിന് നൽകുന്ന വെളുത്ത കാർഡ്. കാഞ്ഞൂർ പഞ്ചായത്തിൽ പാറപ്പുറം ഒൻപതാം വാർഡിൽ വാഴയിൽ രാമചന്ദ്രനാണ് ഈ ഹതഭാഗ്യൻ.നേരത്തെ ബിപിഎൽ വിഭാഗത്തിലായിരുന്നു രാമചന്ദ്രന്‍റെ കാർഡ്.

എട്ട് സെന്‍റു സ്ഥലത്ത് ഓടുമേഞ്ഞ ചുമരു തേക്കാത്ത അടച്ചുറപ്പില്ലാത്ത രണ്ടു മുറികളുള്ള വീട്ടിൽ തനിച്ചാണ് താമസം. പത്തു വർഷം മുമ്പ് ഭാര്യ മരിച്ചു. രണ്ടു പെൺകുട്ടികളുടെ വിവാഹം കഴിഞ്ഞു. എഴുപത്തിനാലു വയസുള്ള രാമചന്ദ്രന് മറ്റു ജോലികൾ ചെയ്യാനും കഴിയാത്ത അവസ്ഥയാണ്. റേഷൻ കാർഡിന് അപേക്ഷ നൽകി താലൂക്ക് സപ്ലൈ ഓഫിസിൽ പലതവണ കയറി ഇറങ്ങേണ്ടി വന്നു. കാത്തിരുന്നു കാർഡ് ലഭിച്ചപ്പോൾ കാർഡിൽ രാമചന്ദ്രനു ആനുകൂല്യങ്ങളുമില്ല.

കാർഡ് കൈയിൽ കിട്ടിയപ്പോൾ ആനൂകൂല്യങ്ങൾ ലഭിക്കാത്ത പൊതുവവിഭാഗത്തിന്‍റെ കാർഡ് ആണെന്നു രാമചന്ദ്രൻ അറിഞ്ഞിരുന്നില്ല. റേഷൻ കടയിൽ ചെന്നപ്പോഴാണ് മണ്ണെണ്ണ ഒഴികെ മറ്റ് റേഷൻ സാധനങ്ങൾ ലഭിക്കില്ലന്ന് അറിഞ്ഞത് .ഓണത്തിന് സർക്കാർ പ്രഖ്യാപിച്ച റേഷൻ സാധനങ്ങൾ ലഭിക്കില്ലെന്ന സങ്കടത്തിലാണ് ഇദ്ദേഹം.

ചോർന്നൊലിച്ച് വീഴാറായ വീടിന്‍റെ അവസ്ഥ കണ്ട് നാട്ടുകാരാണ്‌ വീട് നന്നാക്കിയത്. ഉദ്യേഗസ്ഥരുടെ അനാസ്ഥയും, ഉത്തരവാദിത്വമില്ലായ്മയുമാണ് ഇത്തരം പാകപ്പിഴകൾക്ക് കാരണമെന്നും ബിജെപി കാഞ്ഞൂർ പഞ്ചായത്തു കമ്മറ്റി ആരോപിച്ചു.