മഴക്കെടുതി: വീട് നഷ്ടപ്പെട്ടവർക്ക് 4 ലക്ഷം, വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 6 ലക്ഷം

ആലുവ: മഴക്കെടുതിയും അണക്കെട്ടുകൾ തുറന്നതും മൂലമുള്ള ജനങ്ങളുടെ ദുരിതം ലഘൂകരിക്കുന്നതിനുള്ള എല്ലാ സംരക്ഷണവും സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിച്ച ശേഷം ആലുവ പ്രിയദർശിനി ഹാളിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിതബാധിതർക്ക് മാനദണ്ഡപ്രകാരമുള്ള പരിഷ്കരിച്ച സർക്കാർ സഹായം ലഭ്യമാക്കും.

മഴക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവർക്ക് നാലു ലക്ഷം രൂപ നൽകും. മണ്ണിടിഞ്ഞ് വീടു വെക്കാൻ കഴിയാത്ത വിധം സ്ഥലം നഷ്ടമായവർക്ക് സ്ഥലം വാങ്ങുന്നതിന് ആറു ലക്ഷം രൂപയും നൽകും. ദുരിതാശ്വാസ ക്യാംപുകളിൽ നിന്ന് തിരികെ വീടുകളിലേക്ക് പോകുന്ന കുടുംബങ്ങൾക്ക് 3800 രൂപ വീതം നൽകും. വെള്ളപ്പൊക്കത്തെ തുടർന്ന് രേഖകൾ നഷ്ടമായവർക്ക് പ്രത്യേക ഫീസ് ഈടാക്കാതെ രേഖകൾ അനുവദിക്കും. കൂടുതൽ അപേക്ഷ കരുണ്ടെങ്കിൽ പ്രത്യേക അദാലത്ത് നടത്തും.

പുസ്തകങ്ങൾ നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് സ്കൂളിൽ നിന്നു പുസ്തകം ലഭ്യമാക്കും. തകർന്ന റോഡുകൾ പുനസ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും. വെള്ളം കയറി ഇറങ്ങിയ സ്ഥലങ്ങളിൽ പാമ്പിന്റെ ശല്യമുണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യത്തെ നേരിടാൻ ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ആശുപത്രികളിൽ ഒരുക്കും. വെള്ളമിറങ്ങിയ ശേഷം രോഗം പടരാനുള്ള സാധ്യതയേറെയാണ്. ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സന്നദ്ധ പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ ഊർജിത ശുചീകരണം നടപ്പാക്കും.

ജില്ലയിലെ പ്രത്യേക പ്രശ്നങ്ങൾ പ്രത്യേകമായി പരിഗണിച്ച് പരിഹരിക്കും. കിണറുകളിൽ ക്ലോറിനേഷൻ നടത്തി ശുചിയാക്കും. മഴക്കെടുതി മൂലമുള്ള നാശനഷ്ടങ്ങൾക്കും കൃഷി നാശത്തിനും ഉള്ള നഷ്ടപരിഹാര തുക സർക്കാർ കാലോചിതമായി പരിഷ്കരിച്ചിട്ടുണ്ട്. ഇതനുസരിച്ചുള്ള സഹായം ലഭ്യമാക്കും. തോട്,അരുവി എന്നിവയിലൂടെ നീരൊഴുക്ക് സുഗമമാക്കുന്നതിന് ഹരിത കേരള മിഷൻ പ്രവർത്തനങ്ങളിലൂടെ സർക്കാർ ശ്രമിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.ഓരോ മേഖലയിലെയും മഴക്കെടുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് എം എൽ എ മാരുടെ അഭിപ്രായങ്ങളും നിർദേശങ്ങും കേട്ട ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.