വെളളം ഇറങ്ങി തുടങ്ങി : നാട്ടുകാർ ആശ്വാസത്തിൽ

 

കാഞ്ഞൂർ:കാഞ്ഞൂർ പഞ്ചായത്തിലെ വട്ടത്തറ,ചെങ്ങൽ,തുറവുംകര പ്രദേശങ്ങളിൽ കയറിയ വെളളം താഴ്ന്നു.ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ വെളളം കയറി അടഞ്ഞ ചെങ്ങൽ വിമാനത്താവള റോഡിലെ വെളളം പൂർണ്ണമായും ഇറങ്ങി.റോഡ് സഞ്ചാര യോഗ്യമാവുകയും ചെയ്തു.

വ്യാഴാഴ്ച്ച ഡാമുകൾ തുറന്നുവിട്ടതോടെയാണ് ഇവിടങ്ങളിൽ വെളളം കയറിയത്.വട്ടത്തറയിലെ 4 വീടുകൾ മുക്കാൽ ഭാഗവും  വെളളത്തിനടിയിലായിരുന്നു.ഇവിടെയുളളവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുകയും ചെയ്തു.തുറവുംകര പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു.തുറവുംകരയിലേക്കുളള 4 റോഡുകളിൽ 3 റോഡും വെളളം നിറഞ്ഞ് അടഞ്ഞുപോയിരുന്നു.

വെളളിയാഴ്ച്ച ചെറുതോണി അണക്കെട്ടും തുറന്നതോടെ ഇവിടത്തുകാർ ഭീതിയിലായി.രാത്രി 9 മണിയായപ്പോഴെക്കും വീണ്ടും വെളളം കയറിത്തുടങ്ങി.രാത്രി തന്നെ ഇവിടെയുളളവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.ശനിയാഴ്ച്ച കനത്ത വെളളപ്പൊക്കമായിരുക്കുമെന്നാണ് കരുതിയത്.പോലീസ്,ഫയർഫോഴ്‌സ്,പഞ്ചായത്ത് അധികൃതർ,ഉദ്യോഗസ്ഥർ,വിവിധ രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയവർ വേണ്ട മുന്നൊരുക്കങ്ങൾക്ക് നേതൃത്വം നൽകി.

രാവിലെ മുതൽ വെളളം താഴാൻ തുടങ്ങിയത് നാട്ടുകാർക്ക് ആശ്വാസമായി.ക്യാമ്പിൽ നിന്നും രാവിലെ തന്നെ പലരും വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.പെരിയാറിലെ ജല നിരപ്പും താണിട്ടുണ്ട്.ഇത്തരത്തിൽ നിൽക്കുകയാണെങ്കിൽ ഇനി ഇവിടേക്ക് വെളളം കയറില്ലെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.