പൗൾട്രി ഫാമിൽ വെള്ളം കയറി 3000 ത്തോളം കോഴികൾ ചത്തു

നെടുമ്പാശ്ശേരി: ചെങ്ങൽ തോട്‌ കര കവിഞ്ഞൊഴുകി വെള്ളം കയറിയതിനെ തുടർന്ന് അത്താണി ബിസ്മി പൗൾട്രി ഫാമിൽ 3000 ത്തോളം കോഴികൾ ചത്തു.ഫാമിലേക്ക് വെള്ളം കയറുകയായിരുന്നു. രണ്ടര കിലോ വരെ തൂക്കമുള്ള കോഴികളാണ് കൂടുതലായും ചത്തത്. പറമ്പയം കടവനപ്പറമ്പിൽ കെ.എം.ഷംസു നടത്തുന്നതാണ് ഫാം.പത്തിലധികം പേർ ഇവിടെ ജോലി ചെയ്യുന്നുണ്ട്.

കോഴി,താറാവ്, കാട തുടങ്ങിയവ വളർത്തി മൊത്തമായും, ചില്ലറയായും വിൽപ്പന നടത്താൻ ലൈസൻസുള്ള നെടുമ്പാശ്ശേരി പഞ്ചായത്തിലെ പ്രധാന പൗൾട്രി ഫാമിലൊന്നാണിത്. മൂന്ന് വർഷം മുമ്പാണ് ഇവിടെ ഫാം ആരംഭിച്ചത്. വൻ സാമ്പത്തിക ബാധതയാണ് ഷംസുവിന് ഉണ്ടായിരിക്കുന്നത്.തോട്ടിൽ നിന്ന് ഏറെ ദൂരെ പ്രവർത്തിക്കുന്ന ഫാമിൽ നാളിതുരെ വെള്ളക്കെട്ട് ഭീഷണിയുണ്ടായിട്ടില്ല. ഇതത്തേുടർന്നാണ് അണക്കെട്ട് തുറന്നപ്പോൾ ഫാമിൽ കോഴികളെ മാറ്റാതിരുന്നതെന്നാണ്  ഷംസു പറയുന്നു

ഉച്ചയോടെ പൊടുന്നനെയാണ് തോട്ടിൽ വെള്ളം നിറഞ്ഞ് കവിയുകയും, ഫാമിലേക്ക് അതിവേഗം പ്രവഹിക്കുകയും ചെയ്തത്. വിൽപ്പനയ്ക്ക് തെയ്യാറായ 4500ഓളം കോഴികളും, 1000ത്തോളം താറാവുകളും, കാടകളുമാണ് ഫാമിൽ ഉണ്ടായിരുന്നത്. വെള്ളം കയറാൻ തുടങ്ങിയതോടെ തൊഴിലാളികളും, ഉടമകളും ചേർന്ന് 1500ഓളം കോഴികളെ രക്ഷപ്പെടുത്തിയിരുന്നു.

ഫാമിൽ നാലടിയോളം വെള്ളമുയർന്നു. അതോടെയാണ് കോഴികൾ ചത്തത്. കോഴികൾക്കും താറാവുകൾക്കും തീറ്റ കൊടുക്കുന്നതിനും മറ്റുമായി ഫാമിൽ സൂക്ഷിച്ചിരുന്ന ഉപകരണങ്ങൾക്കും മറ്റും നശിച്ചുപോയി.