ദുരിതാശ്വാസ ക്യാമ്പുകളില്‍ സാന്ത്വനസാന്നിധ്യമായി മാര്‍ മനത്തോടത്ത്

 

കാഞ്ഞൂർ: പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നു വീടൊഴിയേണ്ടിവന്നവര്‍ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ സാന്ത്വനത്തിന്റെ ഇടയസാന്നിധ്യമായി എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത്. കാഞ്ഞൂര്‍, കാലടി മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്.

വെളളിയാഴ്ച്ച ഉച്ചയ്ക്കുശേഷം കാഞ്ഞൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ മാര്‍ മനത്തോടത്ത് അര മണിക്കൂറോളം ദുരിതബാധിതര്‍ക്കൊപ്പം ചെലവഴിച്ചു. വീട് ഉപേക്ഷിക്കേണ്ടിവരുന്നവരുടെ വേദന വലുതാണെന്നും അവരുടെ സങ്കടങ്ങളില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.

ദുരിതങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ആശ്രയമൊരുക്കാന്‍ ദേവാലയങ്ങളും അനുബന്ധ സ്ഥാപനങ്ങളും എപ്പോഴുമുണ്ടാകും. പെരിയാറിലെ ജലനിരപ്പ് സാധാരണ നിലയിലാവാനും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കു വേഗത്തില്‍ വീടുകളിലേക്കു മടങ്ങുന്ന സാഹചര്യമുണ്ടാകാനും പ്രാര്‍ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ ചെങ്ങല്‍ തോടിന്റെ പരിസരങ്ങളിലുള്ള 90 കുടുംബങ്ങളില്‍ നിന്നുള്ള 234 പേരാണു സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളിലെ ക്യാമ്പില്‍ കഴിയുന്നത്. 38 കുടുംബങ്ങളിലെ 70 പേര്‍ താമസിക്കുന്ന ചെങ്ങല്‍ സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്‌കൂളിലെ ക്യാമ്പിലും ബിഷപ് മാര്‍ മനത്തോടത്ത് സന്ദര്‍ശനം നടത്തി. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കു അദ്ദേഹം പുതപ്പുകളും മധുരപലഹാരങ്ങളും വിതരണം ചെയ്തു.

അതിരൂപത വികാരി ജനറാളും കാഞ്ഞൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളി വികാരിയുമായ റവ.ഡോ. വര്‍ഗീസ് പൊട്ടയ്ക്കല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. ലോനപ്പന്‍, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോള്‍, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം സെബാസ്റ്റ്യന്‍ പോള്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വല്‍സ സേവ്യര്‍, അംഗങ്ങളായ പി.ടി. പോള്‍, റെന്നി ജോസ്, എ.എ സന്തോഷ്, ഫൊറോന പള്ളി കൈക്കാരന്‍ ജോയി ഇടശേരി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.