പ്രളയക്കെടുതി:ലാഫിങ്ങ് അപ്പാർട്ടുമെന്റ് റിലീസിങ്ങ്‌ മാറ്റിവച്ചു

 

കൊച്ചി:കനത്ത പേമാരിയിൽ കേരളം വിറങ്ങലിച്ചു നിൽക്കുന്ന സാഹചര്യത്തിൽ ഈ വെള്ളിയാഴ്ച ലാഫിംഗ് അപ്പാർട്ട്മെന്റ് നിയർ ഗിരി നഗർ എന്ന ചിത്രം റിലീസ് ചെയ്യുന്നില്ലെന്ന് സംവിധായകൻ നിസാറും നിർമ്മാതാവ് രാം കുമാറും അറിയിച്ചു. മഴ സംസ്ഥാനത്ത് കനത്ത നാശനഷ്ടമാണ് വിതയ്ക്കുന്നത്. ജലത്തെ ക്കുറിച്ചാണ് ചിത്രവും പറയുന്നത്.

മഴയിൽ നിറഞ്ഞൊഴുകുന്ന വെള്ളമാണ് പ്രശ്നമെങ്കിൽ, സിനിമയിൽ ഒരു അപ്പാർട്ട്മെന്റിൽ വെള്ളം തീരുന്നതാണ് പ്രശ്നം. രണ്ടിലും പ്രധാന പ്രതിപാദ്യം വെള്ളം തന്നെയാണ്. മഴക്കെടുതിയിൽ കഴിഞ്ഞ ഒരാഴ്ചയായി തീയ്യറ്ററുകളിൽ പ്രേക്ഷകർ വളരെ കുറവാണ്. ചിലയിടങ്ങളിൽ ആളില്ലാതെ ഷോ നിർത്തി വയ്ക്കേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്.

ഈ വെള്ളിയാഴ്ച അറുപതിലേറെ കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. ഒരുക്കങ്ങളെല്ലാം നടന്നു വരുമ്പോഴാണ് ദുരന്തമായി മഴയെത്തിയത്. ഈ ദുരിതത്തിൽ പ്രളയബാധിതരെ സഹായിക്കുവാനും ടീം പദ്ധതിയിടുന്നുണ്ട്.

പി. പാറപ്പുറമാണ് രചന., ക്യാമറ രഞ്ജിത് ശിവ, ആർട്ട് വത്സൻ, കട്ട്: ജയചന്ദ്രൻ ,ചീഫ് അസോസിയേറ്റ് റസൽ നിയാസ്, പ്രോജക്ട് ഡിസൈനർ സുനിൽ തിരുവല്ലം, കൺട്രോളർ നസീർ , എന്നിവരാണ് അണിയറ പ്രവർത്തകർ. സലിംകുമാർ, ധർമ്മജൻ, പിഷാരടി, ഷാജോ ൻ, സുനിൽ സുഖദ, നസീർ, മൻരാജ്, റോബിൻ, അശ്വതി, മഞ്ജൂ, മാളവിക, ശരണ്യ തുടങ്ങിയവർ മത്സരിച്ച് അഭിനയിച്ച നൂറു ശതമാനം ഹാസ്യം പെയ്യുന്ന ചിത്രത്തിന്റെ എല്ലാ ഷട്ടറുകളും മഴക്കെടുതിക്ക് ശേഷം ഉടനെ തുറക്കുമെന്നും നിർമ്മാതാവും സംവിധായകനും പറഞ്ഞു.