കുടുംബ ബന്ധങ്ങളിലെ പൊള്ളത്തരങ്ങളുമായി ലാഫിംഗ് അപ്പാർട്ട്മെന്റ്

ആറ് കുടുംബങ്ങളുടെ ജീവിത യാഥാർത്ഥ്യങ്ങൾക്കുനേരെ തുറന്നു വച്ച ഹാസ്യത്തിന്റെ കണ്ണാടിയാണ് ലാഫിംഗ് അപ്പാർട്ട്മെന്റ് നിയർ ഗിരിനഗർ. പൊങ്ങച്ച സഞ്ചിക്കുള്ളിൽ ജീവിതം ഒളിപ്പിച്ചു വച്ച ആറ് കുടുംബങ്ങൾ. പുറമെ നിന്നു കാണാൻ മാന്യമാണ് ഈ കടുംബക്കാരുടെ ജീവിതം. അകത്തളങ്ങളിലോ വെട്ടിക്കൂട്ടിയിട്ട അവിയൽ പരുവവും. അത് ഹാസ്യാത്മകമായി അവതരിപ്പിക്കുകയാണ് സിനിമ.

അരവിന്ദും മഞ്ജുവും (പിഷാരടി, അശ്വതി)അഞ്ചു കൊല്ലം പ്രണയിക്കുകയും, അഞ്ചു കൊല്ലമായി ഒരുമിച്ച് ജീവിക്കുകയുമാണ്. പത്തുകൊല്ലം കഴിഞ്ഞപ്പോഴാണ് പരസ്പരം പൊരുത്തപ്പെടാൻ കഴിയില്ലെന്ന യാഥാർത്ഥ്യം ബോധ്യമാകുന്നത്. പിന്നെയുള്ള മത്സരമാണ് ഇവരുടെ കഥ. രമേഷ് പിഷാരടിയുടെ സ്വതസിദ്ധമായ അഭിനയവും അശ്വതിയുടെ തിരിച്ചു വരവും കൊണ്ട് ശ്രദ്ധേയമാണ് ഈ കുടുംബത്തിന്റെ കഥ. രണ്ടു പേരും മത്സരിച്ച് അഭിനയിച്ചിരിക്കുന്നു. അതിന്റെ രസം പടത്തിലൂടെ അനുഭവിച്ചറിയാം.

മറ്റൊരു കുടുംബം സുബ്രമണിയുടേയും, തങ്കത്തിന്റേതുമാണ് . സുനിൽ സുഖദയും, പൊന്നമ്മ ബാബുവും ആണ് ഈ രണ്ടു പേർ . മരിക്കാൻ കെടക്കുന്ന സുബ്രമണ്യയുടെ അപ്പയാണ് (പടന്നയിൽ ) ഇവരുടെ പ്രശ്നം. മരിക്കാൻ നേരത്ത് കൊടുക്കാൻ കരുതി വച്ച ഗംഗാജലം തങ്കവിന്റെ കൈ തട്ടി താഴെ വീണ് പോയാലത്തെ അവസ്ഥയെന്താകും. ആ അവസ്ഥ ഇവർ പൊളിച്ചടക്കി.

ആറ്റു നോറ്റുണ്ടായ മകളുടെ നിശ്ചയം സ്വന്തം ഫ്ലാറ്റിൽ നടത്താൻ തീരുമാനിച്ചതിന്റെ ഇടയിലേക്ക് ആദ്യ വില്ലനായെത്തിയത് സുധാകരന്റെ ബന്ധുക്കൾ തന്നെയായിരുന്നു. ഇതു കണ്ട് കുരു പൊട്ടിയത് ഭാര്യയ്ക്കും. ബന്ധുക്കളേയും ഭാര്യയേയും ശാന്തമാക്കാനുള്ള സുധാകരന്റെ നെട്ടോട്ടം ചെറുതായിരുന്നില്ല. സുധാകരനായി സാജു കൊടിയനും, ഭാര്യയായി അഞ്ജു അപ്പുക്കട്ടനും തകർത്തഭിനയിച്ചു.

സ്വന്തം അപ്പനെ നാടുകാണിക്കാൻ കൊണ്ടുവന്നതാണ് പാപ്പൂട്ടി. പക്ഷെ അപ്പന് പുലർച്ചെ കിട്ടിയ എട്ടിന്റെ പണി കുടുംബത്തിൽ സൃഷ്ടിച്ച ഭൂകമ്പം നിസാരമായിരുന്നില്ല. സുനിൽ തിരുവല്ലം മകനായും കോട്ടയം പ്രദീപ് അപ്പനായും കസറി. ദീപ്തിയാണ് മരുമകൾ.

പഴയ കാമുകിയെ തിരഞ്ഞു പിടിച്ചു കൊണ്ടുവന്ന് ആലോഷമാക്കാൻ ശ്രമിച്ച രാഹുലിന് പണി പാലും വെള്ളത്തിലാണ് കിട്ടിയത്. രാഹുലായി ഷാജോണും, കാമുകിയായി അവതാരികയും ഗായികയുമായ ചിത്ര പൈയും അഭിനയിക്കുന്നു. ഹോളിഡേ മൂഡിലാണ് ഇവരുടെ പ്രകടനം. രസകരമായി ഇവർ ഇത് അഭിനയിച്ച് പ്രതിഫലിപ്പിച്ചിരിക്കുന്നു. വർത്തമാന യാഥാർത്ഥ്യമാണ് ഇവരുടെ പ്രകടനം. രാഹുലിന്റെ ഭാര്യയായി സരണ്യയും അഭിനയിക്കുന്നു. ഇവരെയെല്ലാം ബന്ധിപ്പിക്കുന്ന കഥാപാത്രമാണ് സെക്രട്ടറി തങ്കരാജ്. ഹാസ്യ രാജാവയ സലിം കുമാർ തങ്കരാജിനെ അവതരിപ്പിക്കുന്നു.

ആർ.കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാംകുമാർ ചിത്രം നിർമിക്കുന്നു. സംവിധാനം നിസാർ. അടുത്തയാഴ്ചയോടെ ചിത്രം പ്രദർശനത്തിനെത്തും.