വിമാനത്താവളത്തിന്‍റെ പ്രവർത്തനം സാധാരണ നിലയിൽ

 

നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിന്‍റെ പ്രവർത്തനം സാധാരണ നിലയിൽ നടന്നു. ചെറുതോണി അണക്കെട്ടിന്‍റെ അഞ്ചു ഷട്ടറുകൾ ഉയർത്തിയതിനെത്തുടർന്ന് ആലുവാപുഴയില്‍ ജലനിരപ്പുയരുകയും ചെങ്ങല്‍തോടു വഴി എത്തുന്ന വള്ളം കൊച്ചി വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനത്തെ ബാധിയ്ക്കുമോ എന്ന ആശങ്കയില്‍ അടിയന്തിര സാഹചര്യത്തെ നേരിടാന്‍ എല്ലാ നടപടികളും സ്വീകരിച്ചതായി അധികൃതര്‍.

രാവിലെ 10ന് വിമാനത്താവളത്തില്‍ സുരക്ഷാ അവലോകനത്തിനായി യോഗം ചേര്‍ന്നു. വെള്ളം അകത്തേക്കു കടക്കാതിരിക്കാനുള്ള റണ്‍വെയ്ക്ക് സമീപമുള്ള കാനയില്‍ നിന്ന് പുറത്തെ തോട്ടിലേയ്ക്ക് മോട്ടോറുകള്‍ ഉപയോഗിച്ച് വെള്ളം പമ്പുചെയ്ത് നീക്കുന്നുണ്ട്. ആവശ്യമെങ്കിൽ പമ്പിങ് വർധിപ്പിക്കും. വിമാനത്താവളത്തിലെ അഗ്നിശമന സേനാവിഭാഗത്തേ കൂടാതെ ആലുവാ, അങ്കമാലി‌ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള ഫയര്‍ എന്‍ജിനുകളും വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്.

വിമാനത്താവളത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന ഹജ്ജ് ക്യാംപിലേയ്ക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് ഹജ്ജ് ക്യാംപ് ഓഫീസര്‍ അറിയിച്ചു.