പ്രേമലത : പൊലീസിലെ ചിത്രകാരി

 

കാക്കിയോടാണോ ക്യാൻവാസിനോടാണോ കൂടുതൽ ഇഷ്ടം എന്ന്‌ പ്രേമലതയോട് ചോദിക്കരുത്. പൊലി‌സിൽ എത്തിയിട്ടു 15 വർഷമല്ലേ ആയുള്ളു, വര ചെറുപ്പം മുതലേ ഉള്ളതല്ലേ എന്നു മറുപടി. വരക്കുന്ന പൊലീസുകാരിയെന്നോ പൊലിസിലെ കലാകാരിയെന്നോ പ്രത്യേകം വിശേഷണങ്ങൾ വേണോ. പൊലിസുകാർക്ക് ഇതൊക്കെ വഴങ്ങുമോ എന്നതാണ് സാധാരണക്കാരന്‍റെ കൗതുകം. അതും വനിത പൊലിസ് ഉദ്യോഗസ്ഥക്ക്.

പൊതുധാരണകളെ തിരുത്തുകയാണ് പ്രേമലത എന്ന വനിത സിവിൽ പൊലീസ് ഓഫിസർ. കാക്കിക്കൊപ്പം തന്നെ ക്യാൻവാസിനെയും കൂടെകൂട്ടുകയാണ് എറണാകുളം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചിലെ വനിതാ സിവിൽ പോലീസ് ഓഫിസറായ പ്രേമലത. ശ്രദ്ധേയമായ ഒരു പിടി ചിത്രങ്ങൾ വരച്ചിട്ടുള്ള പ്രേമലത ഇപ്പോൾ സീതായനം എന്ന പേരിൽ പെയിന്‍റിങ് സീരിസ് വരക്കുന്നതിന്‍റെ തിരക്കിലാണ്

“”രാമായണത്തിൽ സീതയോടാണ് എനിക്കിഷ്ടം. അവരുടെ വികാരങ്ങൾ , വിചാരങ്ങൾ , ആഗ്രഹങ്ങൾ, സ്വപ്നങ്ങൾ എന്നിവയോട് ചേർന്ന് നിൽക്കാനാണ് എനിക്കാഗ്രഹം. അതു കൊണ്ടു തന്നെ രാമായണത്തെ സീതായനം എന്നു വിളിക്കാൻ ഏറെ ഇഷ്ടപ്പെടുന്നു”. . സീതയുടെ ജനനം, ബാല്യം, യൗവ്വനം, സ്വയംവരം എന്നിവ ഇതിനോടകം വരച്ചുകഴിഞ്ഞു.

സീതയുടെ ജീവിതത്തിലെ നിർണായക മുഹൂർത്തങ്ങളാണ് പ്രേമലത പെയ്ന്‍റിങ്ങിലൂടെ ആവിഷ്ക്കരിക്കുന്നത്. ശ്രമകരമാണ് ഓരോ രംഗവും വരയ്ക്കുക എന്നത്. ഇപ്പോൾ സീത ജീവിതത്തിന്‍റെ ഭാഗമായി തീർന്നിരിക്കുന്നു. വല്ലാത്ത ഒരു അടുപ്പമായി ഞങ്ങൾ തമ്മിലെന്ന് പ്രേമലത പറഞ്ഞു. സീതയുടെ കഠിന വഴികളിലൂടെ മനസു സഞ്ചരിക്കും. ക്ഷമയുടെ സഹനത്തിന്‍റെ പ്രതിരൂപമായ സീത അടുത്തുണ്ടെന്നു തോന്നും

നന്നേ ചെറുപ്പത്തിൻ തുടങ്ങിയതാണ് ചിത്രരചന. നിറങ്ങളോടായിരുന്നു ആഭിമുഖ്യം. വളർന്നപ്പോൾ വര ജീവിതചര്യയായി. സ്ത്രീയുടെ അവസ്ഥകളാണ് പ്രേമലത ഏറ്റവും കൂടുതൽ വരച്ചിട്ടുള്ളത്. ഇതിനകം ആലുവയിലും, കോതമംഗലത്തും ചിത്രപ്രദർശനം നടത്തി അനുവാചക ശ്രദ്ധ നേടാനും ഇവർക്ക് കഴിഞ്ഞു.

അക്രിലിക് പെയിന്‍റിങുകളാണ് കൂടുതലും. ആരോടും കിടപിടിയ്ക്കാവുന്ന 50 ഓളം ചിത്രങ്ങൾ ഇതിനകം വരച്ചുകഴിഞ്ഞു. ജോലിത്തിരക്കു കാരണം ഇപ്പോൾ രണ്ടു മാസം വരെ എടുക്കും ഒരു ചിത്രം പൂർത്തിയാകാൻ . എത്ര തിരക്ക് ഉണ്ടെങ്കിലും വരക്കാൻ സമയം കണ്ടെത്തും. രാമായണം സീരീസ് തീർക്കണം അതാണ് വലിയ ആഗ്രഹം പ്രേമലത പറഞ്ഞു. ഭർത്താവ് മുകുന്ദൻ വൈപ്പിൻ ബ്ലോക്ക് ഓഫീസിലെ ജീവനക്കാരനാണ്. രണ്ടു മക്കൾ- അമൃത , വൈശാഖ് .