കാലടിയിലെ പുതിയ ട്രാഫിക് പരിഷ്‌ക്കാരം അട്ടിമറിക്കപ്പെട്ടു

 
.

കാലടി: കാലടിയിലെ പുതിയ ട്രാഫിക് പരിഷ്‌ക്കാരം അട്ടിമറിക്കപ്പെട്ടു. ഗതാഗതകുരുക്ക് കുറക്കുന്നതിന് ടൗണിൽ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്ന ഡിവൈഡർ സംവിധാനമാണ് അട്ടിമറിക്കപ്പെട്ടത്. മറ്റൂർ മുതൽ ശ്രീശങ്കര പാലം വരെയാണ് ഡിവൈഡർ വക്കാൻ തിരുമാനിച്ചിരുന്നത്.എന്നാൽ പുതിയ തീരുമാനപ്രകാരം ഫാർമേഴ്‌സ് ബാങ്ക് മുതൽ പഞ്ചായത്ത് ഓഫീസിന് മുൻവശം വരെയും, പാലത്തിലും മാത്രമാണ് ഡിവൈഡറുകൾ വക്കുന്നത്. ഏറെ തിരക്കുളള ടൗണിൽ ഡിവൈഡർ ഒഴിവാക്കി.

വ്യാപാരികളുടെയും, ബസ് ഉടമകളുടെയും എതിർപ്പിനെ തുടർന്നാണ് ടൗണിൽ ഡിവൈഡർ ഒഴിവാക്കിയത്. കഴിഞ്ഞ രണ്ടാഴ്ച ടൗണിൽ ടാർ വീപ്പകൾ നിരത്തി റിബൺ കെട്ടി പരിക്ഷണാർഥം താത്ക്കാലിക ഡിവൈഡർ സ്ഥാപിച്ചിരുന്നു. അത് വിജയവുമായിരുന്നു. വാഹനങ്ങൾ ഒറ്റ നിരയായി പോകുന്നതിനാൽ വലിയ ഗതാഗത കുരുക്ക് ഉണ്ടായിരുന്നില്ല. ജനങ്ങൾ പദ്ധതിയെ സ്വീകരിക്കുകയും ചെയ്തിരുന്നു.വാഹനങ്ങൾ നിരതെറ്റിച്ച് ഇടക്ക് കയറുന്നതാണ് ഗതാഗതകുരുക്ക് രൂക്ഷമാക്കുന്നത്. മറ്റ് പല പട്ടണങ്ങളിലും ഡിവൈഡർ സംവിധാനം വിജയിച്ചതുമാണ്.

ഓഗസ്റ്റ് ഒന്നു മുതലാണ് പുതുക്കിയ പരിഷ്‌ക്കാരം നിലവിൽ വരുന്നത്. യൂണിവേഴ്‌സിറ്റി റോഡും, പഞ്ചായത്ത് ഓഫീസിനു സമീപത്തെ ചെങ്ങൽ റോഡും വൺവേ ആക്കും. ടൗണിൽ വാഹനങ്ങൾ പാർക്കുചെയ്യാൻ അനുവദിക്കില്ല. ട്രാഫിക്ക് ഗാർഡുമാരുടെ എണ്ണം കൂട്ടും. ഫുട് പാത്തിലേക്ക് ഇറക്കിവച്ചുളള കച്ചവടം നിരോധിക്കും. മലയാറ്റൂർ മഞ്ഞപ്ര ഭാഗങ്ങളിലേക്ക് പോകുന്ന ഭാരവാഹനങ്ങൾ ടൗണിൽ പ്രവേശിക്കാതെ ചെമ്പിച്ചേരി റോഡുവഴി പോകണം തുടങ്ങിയവയാണ് മറ്റ് ട്രാഫിക് പരിഷ്‌ക്കാരങ്ങൾ.

സുരക്ഷക്കായി ടൗണിൽ വിവിധ സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. കെ .തുളസി ന്യൂസ് വിഷനോട്
പറഞ്ഞു. ആദ്യപടിയായി 20 ക്യാമറകളാണ് സ്ഥാപിക്കുന്നത്. പൊലീസ് സ്റ്റേഷനിൽ 24 മണിക്കൂറും നിരീക്ഷിക്കാവുന്ന വിധത്തിലാണ് ക്യാമറ സ്ഥാപിക്കുന്നത്. അതിന്‍റെ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്നും തുളസി പറഞ്ഞു.