എൻട്രൻസ് കോച്ചിങ്ങിന്‍റെ പേരിൽ ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ

 
അങ്കമാലി: മെഡിക്കൽ എൻട്രൻസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്താം എന്ന് പറഞ്ഞ് എൻട്രൻസ് കോച്ചിങ്ങിന്‍റെ പേരിൽ പണം തട്ടിയ യുവാവിനെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തു. വൈറ്റില പൊന്നുരുന്നി മേത്തർ ഫ്ലാറ്റിൽ താമസക്കാരാനായ വടക്കനോടിപറമ്പി‌ൽ വീട്ടിൽ രതീഷ് (45)ആണ് അറസ്റ്റിലായത്.

ആർആർ കരിയർ എൻട്രൻസ് കോച്ചിങ്ങ് എന്ന പേരിൽ പ്രമുഖ പത്രങ്ങളിൽ പരസ്യം നൽകി ഒരു കുട്ടിയിൽ നിന്ന് 75000 രൂപ നിരക്കിൽ ഫീസ് മുൻകൂറായി വാങ്ങിയ ശേഷം 2 വർഷം കോച്ചിങ്ങ് നൽകി മെഡിക്കൽ എൻട്രൻസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്താം എന്ന് പറഞ്ഞ് തുരുത്തിശേരിയിലുള്ള സഹോദരന്മാരായ രണ്ട് വിദ്യാർഥികളിൽ നിന്നും 152000 രൂപ ഇയാൾ വാങ്ങിയ ശേഷം നാല് ക്ലാസ് മാത്രമാണ് നൽകിയത്.

പ്ലസ് ടു കുട്ടികൾക്കായി ആർ ആർ കരിയർ എന്ന സ്ഥാപനത്തിന്‍റെ പേരിൽ കിടങ്ങൂർ സെന്‍റ് ജോസഫ് സ്കൂളിൽ വച്ച് ടാലന്‍റ് സെർച്ച് എക്സാം നടത്തി അതിൽ പാസായ കുട്ടികളെയും രക്ഷിതാക്കളെയും വിളിച്ച് അങ്കമാലിയിലെ പ്രമ‌ുഖ ഹോട്ടലിൽ വച്ച് കോച്ചിങ്ങിനെക്കുറിച്ച് കൗൺസിലിങ്ങ് നടത്തിയാണ് ഇയാൾ കുട്ടികളെ ചേർത്തത്. ക്ലാസുകൾ കൃത്യമായി നടത്താതെ വന്നതോടെ പണം തിരികെ ചോദിച്ചവരോട് ഇയാൾ ഓരോ കാരണം പറഞ്ഞ് മടക്കി.

പരാതിനൽകിയ കുട്ടികളിൽ ഒരാൾ മെഡിക്കലിനും , മറ്റെയാൾ എൻജിനീയറിങ്ങിനുമാണ് കോച്ചിങ്ങ് ആവശ്യപ്പെട്ടിരുന്നത്. രണ്ടുപേർക്കുംകൂടി ഒരേ ക്ലാസിലിരുത്തി നാല് ക്ലാസ് മാത്രമാണ് ഇയാൾ നൽകിയത്. പ്രതിയെ അറസ്റ്റ് ചെയ്തതറിഞ്ഞ് മേക്കാട് സ്വദേശിയായ മറ്റൊരു വിദ്യാർഥിയും തന്‍റെ 59000 രൂപയും പ്രതി തട്ടിയെടുത്തതായിപരാതി നൽകി. ഇപ്രകാരം നിരവധി പേരിൽ നിന്നും പണം തട്ടിയതായി പൊലീസ് പറഞ്ഞു. ഇയാ‌ൾ ഇത്തരത്തിൽ വേറെയും തട്ടിപ്പു നടത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അങ്കമാലി സിഐ മുഹമ്മദ് റിയാസ്, എസ്ഐ മാരായ എൻ.എ. അനൂപ്, സിഐ വിൻസൺ, എഎസ്ഐ അഷ്റഫ്, സിപിഒ റോണി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ അങ്കമാലി കോടതിയിൽ ഹാജരാക്കി