ലോകകപ്പാനന്തരം പുരമേയാം…ഫ്ലക്സ് ബോർഡുകളുടെ പുനരുപയോഗത്തിന് വിദ്യാർഥികൾ

 
.

കാലടി:ഫുട്‌ബോൾ ലോകകപ്പിന്‍റെ ഇഷ്ട രാജ്യത്തിനും താരങ്ങൾക്കും ആരാധകർ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ ഉപയോഗ പ്രദമാക്കിയിരിക്കുകയാണ് കാലടി ആദിശങ്കര എൻജിനിയറിങ്ങ് കോളെജിലെ നാഷ്ണൽ സർവീസ് സ്‌കീം ടെക്‌നിക്കൽ സെല്ലിലെ വിദ്യാർഥികൾ. ഈ ഫ്ലക്‌സുകൾ ഉപയോഗിച്ച് ചോർന്നൊലിക്കുന്ന വീടുകൾ മേഞ്ഞു നൽകുകയാണ് വിദ്യാർഥികൾ.

കേന്ദ്രഗവണ്മെന്‍റ് വിദ്യാർഥികൾക്കായി നടപ്പിലാക്കിയിരിക്കുന്ന സ്വച്ഛ് ഭാരത് സമ്മർ ഇന്‍റെൻഷിപ്പിന്‍റെ ഭാഗമായി വിദ്യാർഥികൾ വിവിധ പഞ്ചായത്തുകളിലായി ആരോഗ്യവകുപ്പുമായി സഹകരിച്ച് വീടുകൾ തോറും കയറി ശുചിത്വ ബോധവത്കരണം, ആരോഗ്യ സർവേ, സർക്കാർ സ്ഥാപനങ്ങളുടെ പരിസരശുചീകരണം, പൂന്തോട്ട നിർമാണം, സ്‌കൂൾ കുട്ടികൾക്കായുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ, മാലിന്യ സംസ്‌കരണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു. ഇതിനിടയിലാണ് ചോർന്നൊലിക്കുന്ന ഭവനങ്ങൾ വിദ്യാർഥികളുടെ ശ്രദ്ധയിൽപെട്ടത്. അതിനൊരു പരിഹാരമായി ലോകകപ്പിലെ ഇഷ്ട താരങ്ങൾക്കും ടീമുകൾക്കുമായി ആരാധകർ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളും കൂടാതെ ഉപയോഗശൂന്യമായ ഫ്ലക്‌സും ഉപയോഗിച്ച് വീടുകൾ മേയാമെന്ന ആശയം  ഉയർന്നുവന്നത്.

house-2സമൂഹ മാധ്യമങ്ങളിലൂടെ ഈ ആശയം മുന്നോട്ടു വക്കുകയും ചെയ്തു. നിരവധി പേരാണ് സഹായവുമായി എത്തിയത്. വിവിധ സ്ഥലളിൽ നിന്നും വിദ്യാർഥികൾ ഫ്ലക്‌സുകൾ ശേഖരിച്ചു. തുടർന്ന് കലൂർ, പെരുമ്പാവൂർ എന്നിവിടങ്ങളിലെ രണ്ടു വീടുകളുടെ ചോർച്ചകൾക്ക് പൂർണമായും പരിഹാരം കണ്ടു. പെരുമ്പാവൂർ ഭാഗങ്ങളിൽ ചോർന്നൊലിക്കുന്ന പത്തോളം വീടുകൾ വിദ്യാർഥികൾ കണ്ടെത്തിയിട്ടുണ്ട്. അവർക്കും ഇത്തരത്തിൽ വീട് മേഞ്ഞ് നൽകാനുളള തയ്യാറെടുപ്പിലാണ് വിദ്യാർഥികൾ.

പല പരസ്യകമ്പനികൾ, ക്ലബ്ബുകൾ തുടങ്ങിയവർ വിദ്യാർഥികൾക്ക് സഹായവുമായി എത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ പലഭാഗങ്ങളിൽ നിന്നു പോലും വിവിധ സംഘടനകൾ വിദ്യാർഥികൾക്ക് ഫ്ലക്സ് നൽകാമെന്നു പറഞ്ഞിട്ടുണ്ട്. അതതു പ്രദേശങ്ങളിലെ ക്ലബ്ബുളും സാമൂഹ്യ പ്രവർത്തകരും ഇത് ഏറ്റെടുണമെന്നാണ് വിദ്യാർഥികളുടെ ആഗ്രഹം. അതുവഴി നിരവധി കുടുംബങ്ങൾക്ക് സഹായകമാകുമെന്നും ഫ്ലക്സ് മൂലമുളള മാലിന്യ പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്നും വിദ്യാർഥികൾ പറയുന്നു.

കോളെജ് മാനെജ്മെന്‍റും പ്രിൻസിപ്പൽ ഡോ. എം.എ. ദൊരൈ രംഗ സ്വാമിയും വിദ്യാർഥികൾക് പൂർണ പിന്തുണ നൽകുന്നു. എൻഎസ്എസ് വൊളന്‍റിയർ സെക്രട്ടറി സി.വി. അഭിമന്യു, എൻഎസ്എസ് ടെക്‌നിക്കൽ സെൽ ഫീൽഡ് ഓഫീസർ ബ്ലെസൻ പോൾ, എം. ഗൗരി എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.