സംസ്‌കൃത അദ്ധ്യാപക ഫെഡറേഷൻ സംസ്ഥാന വനിതാ സംഗമം കലടിയിൽ നടന്നു

 

കാലടി:സമസ്ത തൊഴിൽ മേഖലകളിലും സ്ത്രീകൾക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ പറഞ്ഞു.കേരളസംസ്‌കൃത അദ്ധ്യാപക ഫെഡറേഷൻ സംസ്ഥാന വനിതാസംഗമം കാലടിയിൽ ഉദ്ഘാടനം ചെയ്ത് സാരിക്കുകയായിരുന്നു അവർ.

സ്ത്രീ അമ്മയാണ്, ശക്തിയാണ് എന്നാൽ സ്ത്രീ തൊഴിലാളി കൂടിയാണ്. അടുത്ത 25 വർഷക്കാലത്തിനുള്ളിൽ വിദ്യാഭ്യാസ രംഗത്ത് 85 ശതമാനവും സ്ത്രീ ആധിപത്യമുണ്ടാകും.സംസ്‌കൃത ഭാഷ നീച ഭാഷയല്ല മൃത ഭാഷയല്ല സംസ്‌കൃതം അമൃതഭാഷയാണ്.സംസ്‌കൃതിയുടെ ശബ്ദമാണ്.ഭാഷയെ പ്രോൽസാഹിപ്പിക്കേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ജോസഫൈൻ പറഞ്ഞു.

സംസ്‌കൃത അദ്ധ്യാപക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു.റോജി എം ജോൺ എം.എൽ.എ, ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല നോഡൽ ഓഫീസർ ഡോ.കെ.വി അജിത്കുമാർ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു. കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം പ്രസിഡന്റ് സ്വാമി ശ്രീ വിദ്യാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി.

പ്രസിദ്ധ എഴുത്തുകാരിയും സംസ്‌കൃത അദ്ധ്യാപികയുമായ റിട്ട.പ്രൊഫസർ വൽസല ടീച്ചറെ ചടങ്ങിൽ ആദരിച്ചു.സംസ്‌കൃത ഭാഷയിൽ ഷോർട്ട് ഫിലിം നിർമ്മിച്ച ശ്രുതി സൈമണെ ചടങ്ങിൽ അനുമോദിച്ചു.തുടർന്ന് നടന്ന സെമിനാറിൽ സ്ത്രീ ശാക്തീകരണത്തിന്റെ കാലിക പ്രസക്തി എന്ന വിഷയത്തിൽ വിവേകാനന്ദ വേദിക് വിഷൻ ഡയറക്ടർ എം ലക്ഷമീ കുമാരി പ്രബന്ധം അവതരിപ്പിച്ചു.

സമ്പ്രതി വാർത്ത ഓൺലൈൻ ന്യൂസ് ചാനലിൽ ഏറ്റവും നല്ല വാർത്താ അവതാരകയായ കുമാരി ഫാത്തിമ മുണ്ടേത്തിനെ ചടങ്ങിൽ അനുമോദിച്ചു.കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.തുളസി, ശൃംഗേരിമഠം മാനേജർ പ്രൊ.എ സുബ്രഹ്മണ്യ അയ്യർ, ടി ആർ മഞ്ജുഷാ ദേവി, ഡോ.പി.സജിതാ കുമാരി എന്നിവർ പ്രസംഗിച്ചു.